കൊല്ലം: സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പുകൾ കണ്ടെടുത്തു. കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനി വൈഷ്‌ണവി (15) എന്നിവരാണ് മരിച്ചത്.
വൈഷ്ണവി കബഡി താരവും സാന്ദ്ര സ്പ്രിൻ്റ് താരവും ആണ്. സാന്ദ്ര നാല് വർഷം മുൻപും വൈഷ്‌ണവി ഒന്നര വർഷം മുൻപും ആണ് സായ് ഹോസ്റ്റലിലെത്തിയത്. ഇരുവരുടെയും പോക്കറ്റിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയത്. വിദ്യാർത്ഥിനികളുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.വൈഷ്ണവിയുടെ മുറി താഴത്തെ നിലയിലും സാന്ദ്രയുടെ മുറി മൂന്നാം നിലയിലുമാണ്. പുലർച്ചെ 5നു പരിശീലനം ആരംഭിച്ചപ്പോൾ ഇരുവരും എത്തിയിരുന്നില്ല. തുടർന്ന് സെക്യൂരിറ്റിയും പരിശീലകരും അന്വേഷിച്ച് സാന്ദ്രയുടെ മുറിയിൽ എത്തിയപ്പോൾ മുറി ഉള്ളിൽ നിന്ന് കുട്ടിയിട്ടിരുന്നതായി കണ്ടെത്തി. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ ആണ് ഇരുവരെയും 2 ഫാനുകളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കൊല്ലം ഈസ്റ്റ് സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു. കൊല്ലം തഹസിൽദാർ സ്ഥലത്തെത്തി പൊലീസിൻ്റെയും സയൻ്റിഫിക് അസിസ്റ്റൻ്റിൻ്റെയും സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് തയ്യാറാക്കിയത്. ഇൻക്വസ്റ്റിനിടയിലാണ് ഇരു കുട്ടികളുടെയും പോക്കറ്റുകളിൽ നിന്ന് ആത്മഹത്യ കുറിപ്പുകൾ കണ്ടെടുത്തത്. വൈഷ്ണവിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. സാന്ദ്രയുടെ പോസ്റ്റ്മോർട്ടം ഇന്നു പൂർത്തിയാക്കി വൈകിട്ടു സംസ്കാരം നടത്തും.
കല്ലുവാതുക്കലിൽ നടന്ന കബഡി ടൂർണമെന്റിൽ വൈഷ്‌ണവി പങ്കാളിയായ ടീം വിജയിച്ചിരുന്നു. അതിൻ്റെ ആവേശത്തിലായിരുന്നു വൈഷ്‌ണവി എന്നാണ് പരിശീലകർ പറയുന്നത്. സാന്ദ്രയും വൈഷ്‌ണവിയും കായിക രംഗത്ത് മാത്രമല്ല പഠനത്തിലും മുന്നിലായിരുന്നു.കുട്ടികളുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിൽ മരിച്ച കുട്ടികളുടെ മുറിയിലെ താമസക്കാരായ കുട്ടികൾ, ഹോസ്റ്റൽ വാർഡൻ, പരിശീലകർ, ബന്ധുക്കൾ തുടങ്ങിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരുന്നതായി സിറ്റി പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം അതിൻ്റെ വിവരങ്ങൾ കൂടി ശേഖരിച്ചു സംഭവമായി നേരിട്ടും അല്ലാതെയും വിശദമായ അന്വേഷണം നടത്തുമെന്നും സിറ്റി പൊലീസ് വ്യക്തമാക്കി.
ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾ ജീവനൊടുക്കിയ സംഭവം: കുറിപ്പുകൾ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു




