അവധിക്ക് നാട്ടിലേക്ക് പോയ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 10 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി

തിരുവനന്തപുരം: അവധിക്ക് നാട്ടിലേക്ക് പോയ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 10 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി. ഐരാണിമുട്ടം ഗവൺമെൻ്റ് ഹോമിയോ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടിനുവിൻ്റെ കാലടി കുളത്തറ റോഡിലെ വാടക വീട്ടിൽ കഴിഞ്ഞദിവസമാണ് മോഷണം നടന്നത്. ക്രിസ്‌മസ് തലേന്ന് വീട് പൂട്ടി ഡോക്ടറും കുടുംബവും എറണാകുളത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അന്ന് വൈകുന്നേരം വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ട അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 10 ലക്ഷം രൂപ വരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടമായ വിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മറ്റ് മുറികളിലെ അലമാരകളും കമ്പോർഡുകളും ഉൾപ്പടെ കുത്തിത്തുറന്നിട്ടുണ്ട്.
സമീപത്തെ വീടിൻ്റെ മുൻവാതിലും കുത്തിത്തുറന്ന നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ വീട്ടിലുള്ളവർ ചെന്നൈയിലായതിനാൽ അവരെത്തിയ ശേഷമേ നഷ്ടപ്പെട്ട സാധനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കഴിയൂ. ഫോർട്ട് പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. ഫിംഗർ പ്രിൻ്റ്, ഡോഗ് വിദഗ്ദ്ധ സംഘങ്ങളും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top