ട്രെയിൻ യാത്രയ്ക്കിടെ ലഹരി ബിസ്‌കറ്റ് നൽകി മയക്കി യുവാവിന്റെ സ്വർണവും ലാപ്പ്ടോപ്പും കവർന്നു; 3 പേർ പിടിയിൽ

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ ലഹരി ബിസ്‌കറ്റ് നൽകി മയക്കി യുവാവിൻ്റെ സ്വർണവും ലാപ്ടോപ്പും കവർന്ന കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കവർച്ച നടന്ന് 24 മണിക്കൂറിനകം കോഴിക്കോട്ടു നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.
വടകര പുതുപ്പണം സ്വദേശി വി.പി.സരിൻ്റെ സ്വർണവും പണവും അടങ്ങുന്ന ബാഗാണ് കവർന്നത്. വെള്ളിയാഴ്‌ച രാത്രി നടന്ന സംഭവത്തിൽ റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. ബിഹാർ ആരാറിയ സ്വദേശികളായ അബ്ദുല്ല റജാക്ക് (34), മുഹമ്മദ് മഹമൂദ് ആലം (25), മുഹമ്മദ് സഫർ (40) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നു സ്വർണവും പണവും മറ്റു വസ്തുക്കളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
മലബാർ എക്സസ്പ്രസിൽ എസ്‌4 കംപാർട്മെന്റ്റിൽ മംഗളൂരുവിൽ നിന്നു വടകരയിലേക്കു പോവുകയായിരുന്ന സരിൻ മംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. സരിൻ്റെ തൊട്ടടുത്ത സീറ്റിലായിരുന്നു പ്രതികൾ സഞ്ചരിച്ചിരുന്നത്. യാത്രയ്ക്കിടെ സൗഹൃദം നടിച്ച് ട്രെയിൻ കുമ്പളയിലെത്തിയപ്പോൾ സംഘം സരിന് ബിസ്‌കറ്റ് നൽകി. അത് കഴിച്ചതോടെ ഉറങ്ങിപ്പോയ സരിനു വടകരയിൽ ഇറങ്ങാൻ കഴിഞ്ഞില്ല.
ട്രെയിൻ ഫറോക്കിൽ എത്തിയപ്പോൾ സീറ്റ് ബുക്ക് ചെയ്‌ത മറ്റൊരാൾ കയറി. തുടർന്ന് സരിനെ ഫറോക്ക് സ്റ്റേഷനിൽ ഇറക്കി. എന്നാൽ ബാഗും മറ്റു വസ്‌തുക്കളും കാണാനില്ലെന്ന് കണ്ട് സരിൻ പരാതിയുമായി പൊലീസിനെ സമീപിച്ചു. ബിസ്ക്‌കറ്റ് കഴിച്ച സരിന് ഓർമക്കുറവും ഉണ്ടായി. തുടർന്ന് ഫറോക്കിൽ നിന്നു മറ്റൊരു ട്രെയിനിൽ കയറി തിരൂരിൽ എത്തി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഇതിനിടെ സരിൻ്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിനു ശേഷം രാത്രി പ്രതികൾ കോഴിക്കോട്ട് ഇറങ്ങി ലോഡ്‌ജിൽ താമസിച്ചു. തുടർന്ന് മറ്റു ട്രെയിനുകളിൽ കറങ്ങി നടന്നു. അതിനിടെയാണ് സംയുക്ത സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. സംഭവം കുമ്പളയിൽ നടന്നതിനാൽ കേസ് തുടരന്വേഷണത്തിന് കാസർകോട് പൊലീസിനു കൈമാറുമെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിൽ കാസർകോട് റെയിൽവേ പൊലീസ് എസ്പെഐ സനൽകുമാർ, എ.എസ്.ഐ സി.കെ.മഹേഷ്, ആർപിഎഫ് പാലക്കാട് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് എഎസ്പെഐ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ ഇ.കെ.രാധാകൃഷ്‌ണൻ, കെ.റിനീത്, ഒ.കെ.അജീഷ്, എം.ബൈജു, എം.അബ്ബാസ്, കെ.രഞ്ജിത്ത്, കോഴിക്കോട് റെയിൽവേ പൊലീസ് ഡാൻസാഫ് അംഗമായ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ബി.ജോസ്, സിപിഒ വി.സജികുമാർ, ആർ.സുജിത് എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top