ആരാകും മുഖ്യമന്ത്രി? മന്ത്രിസഭയിലേക്ക് ആരൊക്കെ? 11 മന്ത്രിമാരും സ്‌പീക്കർ പദവിയും കോൺഗ്രസിന്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയത്തിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച സജീവം. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ ഒരാൾ എത്തുമോ? അതല്ല കെസി വേണുഗോപാൽ ഡൽഹിയിൽ നിന്ന് എത്തുമോ എന്ന ആകാംക്ഷയിലാണ് കേരള രാഷ്ട്രീയം. വി ഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല പക്ഷങ്ങൾ മുഖ്യമന്ത്രി കസേരയിൽ അവകാശവാദവുമായി രംഗത്തുണ്ട്. ഡൽഹിയിൽ നിന്നും പാർട്ടിയുടെ നിരീക്ഷകർ എത്തുന്നതിന് മുമ്പായി പരമാവധി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തിരക്കിട്ട നീക്കവും സജീവമാണ്.
നാളെ കോൺഗ്രസിൻ്റെ പാർലമെൻ്ററി പാർട്ടി യോഗം ചേർന്നേക്കും. ഇതിന് മുന്നോടിയായി എഐസിസി നിരീക്ഷകരെ ഹൈകമാൻഡ് ഇന്ന് പ്രഖ്യാപിക്കും. നിരീക്ഷകർ എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷമാകും മുഖ്യമന്ത്രിയുടെ കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുക. മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ കോൺഗ്രസിൽ നിന്നായിരിക്കുമെന്നാണ് യുഡിഎഫിലെ നിലവിലെ ധാരണ.കെ മുരളീധരൻ, പി സി വിഷ്‌ണുനാഥ്, ബിന്ദു കൃഷ്‌ണ, രമ്യ ഹരിദാസ്, എം ലിജു, ചാണ്ടി ഉമ്മൻ, ടിജെ വിനോദ്, വി പി സജീന്ദ്രൻ എ പി അനിൽകുമാർ, ടി സിദ്ധീഖ്, സണ്ണി ജോസഫ്, അൻവർ സാദത്ത് തുടങ്ങിയവർ കോൺഗ്രസിന്റെ മന്ത്രിമാരുടെ സാധ്യത പട്ടികയിലുണ്ട്. പാർട്ടി എംഎൽഎമാരിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ ആര്യാടൻ ഷൗക്കത്തിൻ്റെ സാധ്യതയും തള്ളിക്കളയാനാകില്ല. സ്പീക്കർ പദവിയിലേക്ക് തിരുവഞ്ചുർ രാധാകൃഷ്‌ണൻ ഉൾപ്പെടേയുള്ളവരുടെ പേരുകളും പറഞ്ഞ് കേൾക്കുന്നു.
വളരെ വിശദമായ ചർച്ചകൾക്ക് ഒടുവിലായിരിക്കും ഒരുപക്ഷേ മുഖ്യമന്ത്രി ആരാകണം എന്നത് ഹൈക്കമാൻഡ് തീരുമാനിക്കുക. പതിവ് തെറ്റിക്കാതെ എംഎൽഎമാരുടെ അഭിപ്രായം തേടാൻ വേണ്ടി എ ഐ സി സി നിരീക്ഷകന്മാർ ഇന്ന് രാത്രിയോടെ അല്ലെങ്കിൽ നാളെ പുലർച്ചയോടെ കേരളത്തിലേക്ക് എത്തിച്ചേരും. ആയിരിക്കും നിരീക്ഷകന്മാർ എന്നതിൻ്റെ സൂചന ഇതുവരെ വന്നിട്ടില്ലെങ്കിലും ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഒരുപക്ഷേ കർണാടകയിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ, വൈദ്യുതി മന്ത്രി കെജെ ജോർജ് എന്നിവരൊക്കെ നിരീക്ഷകരായി ഉണ്ടാകാൻ സാധ്യതയുണ്ട്.നാളെ രാവിലെ ആകുമ്പോഴേക്കും തിരുവനന്തപുരത്ത് എത്തിച്ചേരാൻ എംഎൽഎമാർക്ക് നിർദേശം നൽകി. 63 കോൺഗ്രസ് എംഎൽഎമാർ വി ഡി സതീശനെയും രമേശ് ചനതലെയും മാറ്റിനിർത്തി കഴിഞ്ഞാൽ മറ്റ് 61 എംഎൽഎമാരുടെ അഭിപ്രായം നിർണായകമാണ്. കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തിൽ എംഎൽഎമാരുടെ അഭിപ്രായം മാത്രമല്ല കോൺഗ്രസ് ഹൈക്കമാൻഡ് പരിഗണിച്ചിരുന്നത് എന്നതാണ് നിർണ്ണായകം. തിരിച്ചടി ഉണ്ടായ പശ്ചാത്തലത്തിൽ എംഎൽഎമാമാരുടെ അഭിപ്രായത്തിന് അപ്പുറത്തേക്ക് ഒരു നേതൃമാറ്റം വേണമെന്ന അഭിപ്രായം പൊതുവേ പാർട്ടിക്കകത്തുണ്ടായിരുന്നു. അതുകൊണ്ടാണ് എംഎൽഎമാരുടെ പിന്തുണയിൽ രമേശ് ചനത്തിലക്ക് ഭൂരിപക്ഷം ലഭിച്ചിട്ടും വിഡി സതീശനെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്. അതിന് സമാനമായ തീരുമാനമായിരിക്കുമോ ഇത്തവണയും എടുക്കുക എന്നതാണ് നിർണ്ണായകം.എംഎൽഎമാരുടെ അഭിപ്രായത്തിനൊപ്പം പൊതു അഭിപ്രായം കൂടി കോൺഗ്രസ് പരിഗണിക്കും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പരസ്യമായി തന്നെ വി ഡി സതീശന് അനുകൂലമായ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. പാർട്ടിയുടെ ഔദ്യോഗിക അഭിപ്രായം എന്തായിരിക്കും എന്നതും നിർണായകമാണ്. മറ്റ് ഘടകകക്ഷികളും തങ്ങളുടെ അഭിപ്രായം അറിയിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top