കൊച്ചി: കള്ളാടി മണ്ണിടിച്ചിൽ അപകടത്തിൽ കരാർ കമ്പനിയെ കുറ്റപ്പെടുത്തി സർക്കാർ ഹൈക്കോടതിയിൽ. ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നേരത്തെ നിർദേശം നൽകിയിരുന്നുവെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. മെയ് 26നും ജൂൺ നാലിനുമാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയത്. നിർമ്മാണ അവശിഷ്ടങ്ങൾ ജനങ്ങൾക്ക് ഭീഷണിയാകരുതെന്നും ആവശ്യമെങ്കിൽ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണം എന്നും നിർദേശിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കണമെന്ന് അപകടത്തിന് തലേദിവസവും ആവശ്യപ്പെട്ടിരുന്നു. കാങ്കൺ റെയിൽവേയോടും കരാർ കമ്പനിയോടുമാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത് എന്നും ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.
നിർമ്മാണ പ്രവർത്തനങ്ങളിലെ പരിസ്ഥിതി അനുമതി വ്യവസ്ഥ കമ്പനി പാലിച്ചോയെന്ന് പരിശോധിക്കുന്നുവെന്നുമാണ് സർക്കാർ നൽകിയ റിപ്പോർട്ട്. പരുക്കേറ്റവരുടെ ചികിത്സാ ചെലവും കൂട്ടിരിപ്പുകാരുടെ ചെലവും സർക്കാർ വഹിക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദേശം. പ്രഖ്യാപിച്ച ധനസഹായം സർക്കാർ എത്രയും വേഗം നൽകണം. അപകടത്തിൽ മരിച്ചവരുടെ മൃതദേഹം ഉടൻ വിട്ടുനൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ ഹൈക്കോടതി നിരീക്ഷിക്കും. സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. തുരങ്കപാത പ്രദേശം മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശമെന്നാണ് പാരിസ്ഥിതിക അനുമതി റിപ്പോർട്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള പരിസ്ഥിതി ദുർബല പ്രദേശം വഴിയാണ് തുരങ്കപാത കടന്നുപോകുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ മണ്ണിടിച്ചിലിന് കാരണമാകാം. പാരിസ്ഥിതിക ആഘാതത്തിൽ വ്യക്തതയില്ലെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുണ്ട്.
വയനാട് മണ്ണിടിച്ചിൽ: കരാർ കമ്പനിയെ കുറ്റപ്പെടുത്തി സർക്കാർ ഹൈക്കോടതിയിൽ


