മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; ഡിസ്‌ചാർജ് ചെയ്തത് പുലർച്ചെ

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിനും കൈക്കും പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽനിന്നും മന്ത്രിയെ ഡിസ്ചാർജ് ചെയ്‌തത്. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ റോഡ് മാർഗം മന്ത്രി തലസ്ഥാനത്തേക്ക് തിരിക്കുകയായിരുന്നു. തുടർ ചികിത്സകൾ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നടക്കും.ഇന്നലെ രാത്രിയിൽ ഓൺലൈനായി ചേർന്ന ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് യോഗത്തിൽ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്‌ചാർജ് ആവശ്യപ്പെട്ടിരുന്നു.
ഈ മാസം 25ന് വൈകീട്ടാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
മന്ത്രിക്ക് കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതുകയ്യിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന വിധമുള്ള കടുത്ത വേദനയ്ക്ക് മന്ത്രിക്ക് ചികിത്സ നൽകി വരികയായിരുന്നു. അതേസമയം മന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം നിലവിലില്ലെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top