കാസർകോട്: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ചന്തേര പൊലീസ് തൃക്കരിപ്പൂരിൽ നടത്തിയ റെയ്ഡിൽ 1.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. മാടക്കാൽ സ്വദേശി എം കെ മുനീർ(39), പയ്യന്നൂർ കവ്വായി സ്വദേശി മുഹമ്മദ് സാജിദ്(35) എന്നിവരാണ് പിടിയിലായത്. എസ്ഐ എം അജ്മലിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി പത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. തൃക്കരിപ്പൂർ ഷാബാ ഷെട്ടി റോഡ് ജംങ്ഷനിൽ ബുള്ളറ്റിൽ സഞ്ചരിക്കവേ പ്രതികൾ പൊലീസിനെ കണ്ട് തിരിച്ചുപോകാൻ ശ്രമിച്ചു. പൊലീസ് ഇരുവരെയും പിന്തുടർന്ന് പിടികൂടി. പിന്നീട് നടത്തിയ ദേഹപരിശോധനയിലാണ് മുനീറിൻ്റ പാൻ്റ്സിൻ്റെ കീശയിൽ നിന്നും എംഡിഎംഎ കണ്ടെടുത്തത്. 1300 രൂപയും പിടിച്ചെടുത്തു. സ്വന്തം ഉപയോഗത്തിനും വിൽക്കാനും കൊണ്ടുവന്നതാണ് ഈ മയക്കുമരുന്നെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പിടിയിലായ മുനീറിന് തളിപ്പറമ്പിലെ എംഡിഎംഎ കേസിലും ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്ന് പ്രതികൾ ഉപയോഗിച്ച വാഹനം മുനീറിൻ്റെതായിരുന്നു. ജില്ലയിൽ വ്യാപകമായി മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് മുനീറെന്നും പൊലീസ് കൂട്ടിച്ചേർത്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രഭേഷ് കുമാർ, രഞ്ജിത്ത് മൂത്തേടത്ത്, സുനിൽകുമാർ, നരേന്ദ്രൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തിരുന്നു
ബുള്ളറ്റിൽ എംഡിഎംഎ കടത്ത്; തൃക്കരിപ്പൂരിൽ രണ്ട് യുവാക്കൾ പിടിയിൽ, പിടിയായ മുനീർ ജില്ലയിലെ മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ പ്രധാനി


