ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തെറ്റെന്ന് കേന്ദ്ര സർക്കാർ. യുവതീ പ്രവേശനം അനുവദിച്ചാൽ ആരാധനാ സ്വഭാവം മാറുമെന്ന് വാദം. വിശ്വാസ വിഷയത്തിൽ കോടതികൾ ഇടപെടരുതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ വാദങ്ങൾ കേന്ദ്രസർക്കാർ എഴുതി നൽകി. യുവതീ പ്രവേശന ഹർജികളിൽ വിശാല ഭരണഘടനാ ബെഞ്ചിൽ ഇന്നുമുതൽ വാദം കേൾക്കും. യുവതീ പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം മറ്റന്നാൾ വരെ തുടരും.ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാൽ ആരാധനാ സ്വഭാവം മാറും. വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുത് – കേന്ദ്ര സർക്കാർ വ്യക്തമാക്കി. 246 പേജുള്ള വാദമാണ് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ചത്.പുനഃപരിശോധന ഹർജികളെ പിന്തുണയ്ക്കുന്നവരുടെ വാദം ആയിരിക്കും ഇന്ന് ആരംഭിക്കുക. മറ്റന്നാൾ വരെയാണ് പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്നവർക്ക് വാദം ഉന്നയിക്കാൻ ഉള്ള സമയം. പുനഃപരിശോധനയെ അനുകൂലിക്കുന്നവർക്കൊപ്പം വാദത്തിന് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നോഡൽ ഓഫീസർക്ക് കത്ത് നൽകിയിരുന്നു.
നേരത്തെ പുനഃപരിശോധനയെ എതിർക്കുന്ന വിഭാഗത്തിൽ ആയിരുന്നു സംസ്ഥാനത്തിന് സമയം അനുവദിച്ചിരുന്നത്. അനിവാര്യ മഹാചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതർ എന്നാണ് സംസ്ഥാന സർക്കാർ മുൻനിർത്തുന്ന വാദം. യുവതി പ്രവേശനത്തെ എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ വിശാല ഭരണഘടന ബഞ്ചിൽ ജസ്റ്റിസ് മാരായ എം എം സുന്ദരേഷ്, എ അമാനുള്ള, അരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്‌ചി, ബി വി നാഗരത്ന തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.
ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശനം അനുവദിച്ചാൽ ആരാധനാ സ്വഭാവം മാറും; കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ


