തിരുവനന്തപുരം: കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ വിദഗ്ധനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്. സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ ബ്രൂണൈയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നീക്കം.
സൈബർ വിദഗ്‌ധനാണ് നാല് പതിറ്റാണ്ടുകളായി ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള മലയാളി വയോധികനെ ബ്രൂണൈയിൽ കണ്ടെത്തിയത്. വയോധികൻ്റെ ചിത്രങ്ങളും സൈബർ വിദഗ്ധനാണ് പുറത്തുവിട്ടത്. ഇയാൾ താമസിക്കുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഇന്നലെയാണ് നിർണായകമായ വിവരങ്ങൾ പുറത്തുവന്നത്. പിന്നാലെ മന്ത്രി അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു.പുറത്തുവരുന്ന വിവരങ്ങളുടെ സത്യാവസ്ഥ സ്ഥിരീകരിക്കേണ്ടതുണ്ടെന്നാണ് വിഷയത്തിൽ രമേശ് ചെന്നിത്തല ഇന്ന് പ്രതികരിച്ചത്. സർക്കാർ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. വിവരങ്ങളുടെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ഇപ്പോൾ നിലനിൽക്കുന്നത് അഭ്യൂഹങ്ങളാണ്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണം നടക്കട്ടെ, വസ്തുത പുറത്തുവരട്ടെ എന്നും ചെന്നിത്തല പറഞ്ഞു.ബ്രൂണൈയിൽ കണ്ടെത്തിയ സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള വയോധികനെ കുറിച്ച് അന്വേഷിക്കാൻ ഇൻ്റർപോളിൻ്റെ സഹായം തേടാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ബ്രൂണൈയിൽ വ്യാപാരിയായ ഈ വയോധികൻ വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്പോർട്ട് കരസ്ഥമാക്കിയതായും സൈബർ വിദഗ്‌ധൻ സ്ഥിരീകരിക്കുന്നുണ്ട്.
സുകുമാരക്കുറുപ്പിൻ്റെ തിരോധാനം: സൈബർ വിദഗ്ധനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്

