തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്‌ചയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡീ. സെക്രട്ടറി ഹരി എന്നിവർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. പരീക്ഷയിൽ 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഇവരുടെ വീഴ്ച്ചയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടോ എന്നതിലും അന്വേഷണം തുടരുകയാണ്. സർക്കാർ വഴി പിഎസ്‌സിക്ക് കത്ത് കൈമാറാനാണ് തീരുമാനം. സതീശും ഹരിയുമായിരുന്നു മൂല്യനിർണയം നടത്തിയത്. എന്നാൽ സാങ്കേതിക പിഴവാണ് ചില ചോദ്യങ്ങൾ മൂല്യനിർണയം നടത്താത്തതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.പിഎസ്‌സി നടത്തിയ പരീക്ഷകളിലും അഭിമുഖങ്ങളിലും ഉൾപ്പടെ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഒന്നായിരുന്നു ആസൂത്രബോർഡിലേക്ക് നടത്തിയ പരീക്ഷയിൽ മൂല്യനിർണയത്തിൽ സംഭവിച്ച പിഴവ്. പത്തോളം ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചെന്നായിരുന്നു കണ്ടെത്തൽ. ചില ഉദ്യോഗാർത്ഥികളെ സഹായിക്കാനായിരുന്നു ഈ നീക്കമെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. പരീക്ഷാമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
അതേസമയം പിഎസ്സി പരീക്ഷാ ക്രമക്കേടിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തീരുമാനം. കെഎഎസ് ഉൾപ്പെടെയുള്ള ചില പരീക്ഷകളിലെ ക്രമക്കേടുകളിൽ നിർണായക തെളിവുകൾ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാൽ പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.
PSC പരീക്ഷാ ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്

