കൊച്ചി: യുകെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിർമ്മാതാവ് ജോബി ജോർജിനെ കോടതി നാല് വർഷം തടവുശിക്ഷയ്ക്ക് വിധിച്ചു. പിഴയായി 66. 5 ലക്ഷം രൂപയും അടയ്ക്കണം. ജോബിയുടെ ഭാര്യ സുനി മോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. രണ്ടുകേസുകളിലായാണ് കോടതി ജോബിയെ ശിക്ഷിച്ചത്. കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികൾ എന്നിവരാണ് പരാതിക്കാർ.
യുകെ വിസ നൽകാമെന്ന വാഗ്ദാനത്തിൽ 2011ൽ രണ്ട് തവണയായി 50 ലക്ഷം രൂപ ജോബി ജോർജ് രാജേഷ് മാത്യുവിൽ നിന്ന് കൈപ്പറ്റിയെന്ന് പരാതിയിൽ പറയുന്നു. വിസ നൽകാമെന്ന വാഗ്ദാനം പാലിക്കാതിരുന്നതോടെ 2012ൽ പണം തിരിച്ചു നൽകുന്നതിൻ്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകി. എന്നാൽ ഇത് മടങ്ങി. തുടർന്ന് രാജേഷ് മാത്യു പരാതിയുമായി പൊലീസിനെ സമീപിക്കുകയും കോടതിയിലെത്തുകയുമായിരുന്നു.
രാജേഷ് മാത്യുവിനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന നിരീക്ഷണത്തോടെയാണ് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്. 50 ലക്ഷം രൂപയാണ് ഈ കേസിൽ പിഴ അടയ്ക്കേണ്ടത്.
മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്, ഭാര്യ ഡാർലി ബിജു എന്നിവർക്ക് യുകെയിൽ ബിസിനസ് പങ്കാളിത്തവും, സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് ജോബിക്കെതിരായ മറ്റൊരു പരാതി. ലണ്ടനിലെ ന്യൂകാസിലിൽ ഒരു ‘ഓഫ്ലൈസൻസ്’ ഷോപ്പിൽ പങ്കാളിത്തം നൽകാമെന്നും, ഡാർലിക്ക് ലണ്ടനിലെ എൽബിഎ കോളേജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് അഡ്മിഷൻ ശരിയാക്കി നൽകാമെന്നുമായിരുന്നു വാഗ്ദാനം.
യുകെയിൽ എത്തിയശേഷമാണ് ദമ്പതികൾ തട്ടിപ്പ് തിരിച്ചറിയുന്നത്. തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്ന് ദമ്പതികൾ പൊലീസിന് മൊഴി നൽകി. ഈ കേസിലാണ് ജോബിക്ക് രണ്ട് വർഷം തടവ് ശിക്ഷയും 16.52 ലക്ഷം പിഴയും വിധിച്ചത്.
യുകെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടി; നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവ്


