‘സ്നേഹപൂർവ്വം പടിയിറങ്ങുന്നു’; അമ്മയിൽ നിന്ന് രാജി വെച്ച് മല്ലിക സുകുമാരൻ

കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക തൻ്റെ രാജി വിവരം അറിയിച്ചത്. സ്നേഹപൂർവ്വം പടിയിറങ്ങുന്നുവെന്നും ശ്വേതയ്ക്കൊപ്പമാണ് താനെന്നും വ്യക്തമാക്കിയാണ് രാജി.
‘സ്നേഹപൂർവ്വം പടിയിറങ്ങുന്നു, AMMAയിൽ നിന്നും. സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്ക്കൊപ്പം’, മല്ലിക സുകുമാരൻ്റെ പോസ്റ്റിൽ പറയുന്നു.
അമ്മയുടെ അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് നടി ലക്ഷ്മിപ്രിയയും രംഗത്തെത്തിയിരുന്നു. വൈകാരിക കുറിപ്പിലൂടെയായിരുന്നു രാജി. തനിക്ക് പെൻഷനും ഇൻഷുറൻസും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു. തൻ്റെ രാജി മുതിർന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ തൻ്റെ ശവം കാണാൻ പോലും ആരും വരരുതെന്നും അവർ സന്ദേശത്തിൽ പറയുന്നു. തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവർ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു. ഇനി സാധാരണ മെമ്പർ മാത്രമായി തുടരുമെന്ന് പറഞ്ഞാണ് ടിനി ടോം രംഗത്തെത്തിയത്.ഇന്നലെയാണ് അമ്മ ഭരണസമിതി രാജിവെച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെക്കുകയായിരുന്നു. കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കി നിൽക്കെയാണ് രാജി. ജോയിൻ്റ് സെക്രട്ടറിയായ അൻസിബ ഹസൻ നേരത്തെ രാജിവെച്ചിരുന്നു. അവിശ്വാസം നേരിടാതെയാണ് മുഴുവൻ അംഗങ്ങളും രാജിവെച്ചത്. ഇതോടെ ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. രമേഷ് പിഷാരടിയാണ് കൺവീനർ. കെ ബി ഗണേഷ് കുമാർ, സുരേഷ് കൃഷ്‌ണ, സാദിഖ്, ഡോ. റോണി, കൃഷ്‌ണ പ്രഭ, ആശാ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ.
നാല് മാസമായിരിക്കും അഡ്ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്നത് അഡ്ഹോക്ക് കമ്മിറ്റി തീരുമാനിക്കും. നടൻ ജഗദീഷാണ് അഡ്ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top