കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ് എന്ന് പരാതി. മെഡിക്കൽ കോളേജിൽ ജനിച്ച കുഞ്ഞിൻ്റെ ശരീരത്തിൽ നിന്നും സൂചി കണ്ടെത്തി എന്നാണ് വിവരം. ഏറ്റുമാനൂർ സ്വദേശിനി അഞ്ചുവിന്റെ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിൻ്റെ ശരീരത്തിൽ നിന്നാണ് സൂചി കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തിയത്. ആശുപത്രിയുടെ ചികിത്സാ പിഴവ് എന്നാണ് കുടുംബം ഉയർത്തുന്ന പരാതി.
കുട്ടി ജനിച്ചപ്പോൾ തന്നെ പ്രശ്നം ചൂണ്ടിക്കാട്ടിയതാണെന്നും എന്നാൽ യാതൊരു പ്രശ്നവും ഇല്ലെന്ന് അന്ന് മുതലേ ഡോക്ടർമാർ പറയുന്നതായും കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നു. കുഞ്ഞിന് ഒരു വർഷത്തോളം വേദനയും ശരീരത്തിൽ തടിപ്പും അനുഭവപ്പെട്ടിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു പ്രസവം. ജനനത്തിന് പിന്നാലെ പനിയും മഞ്ഞപ്പും ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ എൻഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ശരീരത്തിൽ അസ്വാഭാവികമായ തടിപ്പ് ശ്രദ്ധയിൽപ്പെട്ടതെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്.തടിപ്പിന്റെ കാരണത്തെക്കുറിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ അറിയിച്ചെങ്കിലും നടത്തിയ സ്കാനിങ്ങിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ തിരിച്ചയച്ചെന്നാണ് കുടുംബത്തിൻ്റെ ആരോപണം. എന്നാൽ പിന്നീട് പരിശോധിച്ചപ്പോഴാണ് തടിപ്പ് ഉണ്ടായിരുന്ന ഭാഗത്ത് സ്കാനിങ് നടത്തിയിരുന്നില്ലെന്ന് മനസിലായതെന്നും മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ ദിവസം തടിപ്പ് വീണ്ടും വലുതായതോടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു.
തുടർന്നുള്ള ശസ്ത്രക്രിയയിലാണ് ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സൂചി കണ്ടെത്തിയത്. സൂചി പുറത്തെടുത്തതോടെ സംഭവത്തിൽ കുടുംബം പരാതിയുമായി രംഗത്തെത്തി. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയ്ക്കിടെ എങ്ങനെയാണ് സൂചി ശരീരത്തിൽ കുടുങ്ങിയതെന്നും തുടർപരിശോധനകളിൽ ഇത് കണ്ടെത്താതെ പോയതെങ്ങനെയെന്നും അന്വേഷണത്തിൽ പരിശോധിക്കും.
കുഞ്ഞിന്റെ ശരീരത്തിൽ ഒരു വർഷമായി കുടുങ്ങിയ സൂചി പുറത്തെടുത്തു; ഗുരുതര ചികിത്സാ പിഴവെന്ന് പരാതി

