തിരുവനന്തപുരം: മുൻഗണന റേഷൻ കാർഡുകളുടെ മാനദണ്ഡങ്ങൾ പുതുക്കി നൽകാൻ സർക്കാർ നടപടി. സിവിൽ സപ്ലൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 1,200 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വീടുകളെ പരിഗണിക്കണം. 800 സിസി വരെയുള്ള കാർ ഉൾപ്പെടെയുള്ള നാല് ചക്രവാഹനങ്ങളും പട്ടികയിൽ ഉൾപ്പെടുത്തണം. ഭൂമിയുണ്ടെങ്കിലും കൃഷിയോഗ്യമല്ലെങ്കിൽ ഇളവ് നൽകണമെന്ന് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും. ആദിവാസി – ഗോത്രവർഗ ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻകട വഴി റേഷൻ ധാന്യം എത്തിച്ചുനൽകുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. സ്കൂൾ, കോളജ് തലത്തിൽ പ്രവർത്തിക്കുന്ന കൺസ്യൂമർ ക്ലബ്ബുകളുടെ നിലവിലുള്ള പ്രവർത്തന രീതിയും മന്ത്രി വിലയിരുത്തി. 1,500 ക്ലബ്ബുകളാണു ലക്ഷ്യമിടുന്നത്.2017ലെ ഉത്തരവ് പ്രകാരം 1,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്‌തീർണമുള്ള വീടുള്ളവർ, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (സ്വയം ഓടിക്കുന്ന ടാക്‌സി ഒഴികെ) ഉള്ളവർ, കുടുംബത്തിന് ഒരേക്കറിലധികം ഭൂമിയുള്ളവർ എന്നിവർക്ക് മുൻഗണന റേഷൻ കാർഡിന് അർഹതയില്ല. എന്നാൽ ഈ മാനദണ്ഡങ്ങൾ മാറ്റണമെന്ന് പല കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. 1,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്‌തീർണമുള്ള വീടുകളും നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങളും നിലവിലെ സാമൂഹിക സാഹചര്യത്തിൽ ആഢംബരമല്ല. ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങൾക്കായി നാലുചക്രവാഹനം ഉപയോഗിക്കുന്നവരുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാനദണ്ഡങ്ങളിൽ ഇളവുവേണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്.
മുൻഗണന റേഷൻ കാർഡുകളുടെ മാനദണ്ഡങ്ങളിൽ ഇളവ്; നിർദേശം നൽകി ഭക്ഷ്യവകുപ്പ് മന്ത്രി


