തിരുവനന്തപുരം: പാചകവാതക ക്ഷാമം നേരിടാൻ വിതരണത്തിൽ മുൻഗണന ക്രമം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ആശുപത്രികൾക്കും സ്കൂളുകൾക്കുമാണ് പ്രഥമ പരിഗണന. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി. പാചക വാതക സിലണ്ടറുകളുടെ ഉപഭോഗം നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിൽ മോണിറ്ററിംഗ് കമ്മറ്റി സജ്ജീകരിക്കും. ഗാർഹികേതര വിതരണത്തിനും മുൻഗണനാക്രമം നിശ്ചയിക്കും. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സസ്മെന്റ്റ് സംഘം രൂപീകരിക്കാനും ഉന്നതതലയോഗം തീരുമാനിച്ചു.
എന്നാൽ എൽപിജി പ്രതിസന്ധിയിൽ ആശങ്ക വേണ്ടെന്നാണ് പെട്രോളിയം മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ആളുകൾ തിരക്ക് കൂട്ടി സിലിണ്ടർ ബുക്ക് ചെയ്യുന്നത് തെറ്റിദ്ധാരണയും വ്യാജ വിവരങ്ങളും മൂലമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം അറിയിച്ചു.എന്നാൽ പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 40,000 ലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. എൽപിജിയുടെ ക്ഷാമത്തെ തുടർന്നുള്ള പ്രതിസന്ധിയെ നേരിടാനാണ് ഈ നീക്കം. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാണിജ്യ സിലിണ്ടറുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ പറഞ്ഞു. അതേസമയം രാജ്യത്തെ ക്രൂഡ് ഓയിൽ വിതരണത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും രാജ്യത്തെ ഒരു ലക്ഷം പെട്രോൾ പമ്പുകളിലും ക്ഷാമമുണ്ടാകില്ലെന്നും അവർ പറഞ്ഞു.
പാചകവാതക ക്ഷാമം നേരിടാൻ മുൻഗണന ക്രമവുമായി സംസ്ഥാന സർക്കാർ


