തിരുവനന്തപുരം: സംസ്ഥാനത്ത് ധനവകുപ്പിൽ ഭരണപ്രതിസന്ധി. ബജറ്റ് പ്രഖ്യാപനങ്ങൾ പോലും നടപ്പാക്കാൻ ധനവകുപ്പ് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് വിവരം. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വിഹിതത്തിലും തീരുമാനമായില്ല. വിവിധ വകുപ്പുകൾക്ക് ഫണ്ട് അനുവദിക്കുന്നതിലും തീരുമാനം നീളുകയാണ്. സാമ്പത്തിക വർഷത്തിൽ പ്രാഥമികമായി നടക്കേണ്ട യോഗങ്ങൾ പോലും നടന്നിട്ടില്ല.
ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന് എതിരെ ഉദ്യാഗസ്ഥരുടെ അമർഷവും ഉയരുന്നുണ്ട്. ധനവകുപ്പ് സ്തംഭനാവസ്ഥയിലാണെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. ധനകാര്യ വകുപ്പിൻ്റെ പല തീരുമാനങ്ങളും സമയ ബന്ധിതമായി വരുന്നില്ലെന്ന് മുൻ ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലും പ്രതികരിച്ചു.പ്ലാൻ അനുസരിച്ച് നൽകുന്നതും അല്ലാത്തതുമായ മറ്റ് പണമിടപാടുകൾ നടക്കുന്നില്ലെന്ന പ്രശ്നം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരു ഗഡു മാത്രമേ നൽകിയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സാമൂഹ്യ ക്ഷേമ പെൻഷനും നിർമാണ പ്രവർത്തനങ്ങളും അവതാളത്തിലാണ്. സർക്കാർ വന്ന് ഇത്ര സമയമായിട്ടും കാര്യങ്ങൾ മുന്നോട്ട് പോകുന്നില്ല. ആസൂത്രണത്തിന്റെ പ്രശ്നമുണ്ട്. ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന സമീപനമാണ്. വാചകമടി അല്ലാതെ കാര്യങ്ങൾ നടക്കുന്നില്ല. സാമ്പത്തിക വർഷം പകുതിയായിട്ടും ഒന്നും ചെയ്യുന്നില്ലെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു’, കെ എൻ ബാലഗോപാൽ പറഞ്ഞു.മുഖ്യമന്ത്രിയെ വിമർശിക്കുന്ന വാർത്തകൾ നീക്കം ചെയ്ത സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് സൈബർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി സംശയിക്കുന്നുവെന്ന് കെ എൻ ബാലഗോപാൽ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിൻ്റെ വാക്കുകൾ പോലും നീക്കുന്നുവെന്നും ഡ്രക്കോണിയൻ സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്ത് ധനവകുപ്പിൽ ഭരണപ്രതിസന്ധി; സ്തംഭനാവസ്ഥയിലെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ


