കൊച്ചി കാലവർഷം ആരംഭിച്ച് ഒരു മാസം പൂർത്തിയാകുമ്പോൾ വൈദ്യുതി
ഉൽപാദനത്തിനായി ആശ്രയിക്കുന്ന പ്രധാന ഡാമുകളിൽ ജലനിരപ്പ് 25 ശതമാനത്തിൽ താഴെ. ഇടുക്കി ഡാമിൽ സംഭരണ ശേഷിയുടെ 23.19%, പത്തനംതിട്ടയിലെ ശബരിഗിരി പദ്ധതിയുടെ ജലസംഭരണികളായ കക്കി-ആനത്തോട്, കൊച്ചു പമ്പ ഡാമുകളിൽ സംഭരണ ശേഷിയുടെ 21.79 % എന്നിങ്ങനെയാണ് ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം കെഎസ്ഇബി ഡാമുകളിലെ ശരാശരി സംഭരണ നില 52.4 ശതമാനമായിരുന്നു.
ഒരു മാസം ലഭിച്ച മഴയുടെ കണക്കെടുത്താൽ സംസ്ഥാനത്തു ശരാശരിയെക്കാൾ 34% കുറവാണ്. ഇതു തുടർന്നാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. പസിഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസം ശക്തമാകുന്ന വർഷങ്ങളിൽ കാലവർഷക്കാറ്റിൻ്റെ ശക്തി കുറവാണ്. ഇത്തവണ സംസ്ഥാനത്തു പെയ്ത മഴയിൽ കൂടുതലും തീരപ്രദേശത്തും ഇടനാട്ടിലുമാണ്. സംസ്ഥാനത്തെ പ്രധാന ഡാമുകളെല്ലാം തന്നെ മലയോരത്താണ്. ഈ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ വളരെ കുറവായിരുന്നു.


