കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വയനാട്: കള്ളാടിയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചെലവും സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ സാഹചര്യം മന്ത്രിസഭാ യോഗം വിലയിരുത്തിയെന്നും കരാർ കമ്പനി നിർദേശം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കും. കേന്ദ്രം നിർമ്മാണത്തിന് അനുമതി കൊടുത്തപ്പോൾ 50 നിബന്ധനകൾ പറഞ്ഞിരുന്നു. അത് പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. മണ്ണ് നീക്കം ചെയ്യാത്തതിൽ ഗുരുതര പാളിച്ചകൾ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്ത് ചേർന്ന വാർത്താസമ്മേളനത്തിലാണ് പ്രതികരണം.
തുരങ്ക പാത വികസനം തടസപ്പെടുത്താൻ നടക്കുന്ന വികസന വിരുദ്ധനാണ് താൻ എന്നാണ് നേരത്തെ സിപിഎം ആരോപിച്ചത്. അന്ന് പരിസ്ഥിതി ആഘാത പഠനം അടക്കം നടത്തണമെന്ന് താൻ പറഞ്ഞിരുന്നു. മണ്ണ് പരിശോധിക്കണമെന്നും പറഞ്ഞിരുന്നു. അന്ന് മണ്ണ് പരിശോധനാ വിദഗ്‌ധൻ എന്നാണ് തന്നെ കളിയാക്കിയത്. നിലവിൽ എന്ത് സംഭവിച്ചുവെന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം കള്ളാടി മണ്ണിടിച്ചിൽ കാണാതായ അഞ്ച് പേർക്കായി തെരച്ചിൽ തുടരുകയാണ്. എംഡി ഇംമ്രാൻ, ബിക്രം സിങ് റാണാ, രാഹുൽ ശർമ്മ, രാകേഷ്, അൻസാരി എന്നിവർക്കായാണ് തെരച്ചിൽ പുരോഗമിക്കുന്നത്. മണ്ണിടിച്ചിലുണ്ടായ മീനാക്ഷി പാലത്തിന് സമീപം കൂടുതൽ മണ്ണ് മാന്തി യന്ത്രങ്ങളെത്തിച്ചാണ് രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിച്ചത്. സ്പോർട് ലൊക്കേഷൻ ക്യാമറയും ഡ്രോൺ കാമറയും തെരച്ചിലായി ഉപയോഗിക്കുന്നുണ്ട്.
ഇന്നലെ അപകടത്തിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹത്തിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് പൊലീസ് സർജനെ അടിയന്തരമായി വൈത്തിരിയിലേക്ക് എത്തിച്ചാണ് പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കിയത്. മൃതദേഹങ്ങൾ എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top