കൂടത്തായി കേസ്; ബിരുദധാരിയാകാൻ ജോളി.. ജയിലിൽ ഇരുന്ന് പരീക്ഷ

കൂടത്തായി കൊലക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് പരീക്ഷാ തിരക്കിലാണ്. കോഴിക്കോട് സബ് ജയിലിൽ വിചാരണാ തടവുകാരിയായി കഴിയുകയായിരുന്ന ജോളി പരീക്ഷയ്ക്കായി കണ്ണൂർ വനിതാ ജയിലിലെത്തി. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ബി.എ ഹിസ്‌റ്ററി പരീക്ഷയാണ് ജോളി എഴുതിക്കൊണ്ടിരിക്കുന്നത്. രണ്ടാം വർഷ വിദ്യാർഥിയാണ്. എട്ട് പേപ്പറുകളിൽ ആറെണ്ണം കഴിഞ്ഞു. പരീക്ഷ അവസാനിക്കുംവരെ കണ്ണൂർ വനിതാ ജയിലിൽ ജോളി തുടരും. ഇതിനു ശേഷം കോഴിക്കോടേക്ക് കൊണ്ടുപോകും. പ്രത്യേക സുരക്ഷയിലാണ് ജോളിയെ കണ്ണൂരിലെത്തിച്ചത്. നേരത്തെ പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത. ജോളിയെ കൂടാതെ സെൻട്രൽ ജയിലിലെ മറ്റൊരു തടവുകാരനും ബിഎ ഹിസ്‌റ്ററി പരീക്ഷ എഴുതുന്നുണ്ട്.
സാക്ഷരതാ മിഷൻ്റെ തുല്യതാ പരീക്ഷയും ജയിലിൽ നടക്കുന്നുണ്ട്. രണ്ടിലുമായി 35 പേരാണ് കണ്ണൂർ ജയിലിൽ ഇരുന്ന് പരീക്ഷ എഴുതുന്നത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും വിചാരണാ തടവുകാരായി കഴിയുന്നവർക്കും നല്ല പാതയിലേക്ക് മടങ്ങിവരാനുള്ള അവസരം കൂടിയാണ് പഠനവും പരീക്ഷയും. ജയിലിലെ ഉയർന്ന പഠനയോഗ്യതയുള്ളവരാണ് മറ്റു തടവുകാർക്ക് ക്ലാസെടുക്കുന്നത്. കൂടുതൽ തടവുകാർ പഠനത്തിന് തയ്യാറാകുന്നുണ്ടെന്നാണ് വിവരം. ഇപ്പോൾ നടക്കുന്ന പരീക്ഷകൾ കഴിഞ്ഞാൽ എസ് എൻ ഓപ്പൺ സർവകലാശാലയുടെ ബിഎ, ബിബിഎ, എം.കോം, എൽഎൽബി പരീക്ഷകൾക്കും തടവുകാർ തയ്യാറെടുക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top