50 വർഷങ്ങൾക്ക് ശേഷം; ആദ്യമായി NCERT പാഠപുസ്‌തകത്തിൽ അടിയന്തരാവസ്ഥയും ഉൾപ്പെടുത്തി

ഡൽഹി: ആദ്യമായി എൻസിഇആർടി പാഠപുസ്‌തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 50 വർഷത്തിന് ശേഷമാണ് എൻസിഇആർടി പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തുന്നത്. ഒമ്പതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിൻ്റെ പാഠപുസ്‌തകത്തിലാണ് അടിയന്തരവാസ്ഥ ഉൾപ്പെടുത്തിയത്. ‘Understanding Society: India and Beyond’ പാഠഭാഗത്താണ് അടിയന്തരാവസ്ഥയുടെ ഭാഗവുമുള്ളത്. ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് എന്നാണ് അടിയന്തരവാസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്.
‘1975-77 കാലയളവിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിന്റെ വെല്ലുവിളികളിൽ ഒന്നായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1970കളുടെ തുടക്കത്തിൽ ഇന്ദിരാഗാന്ധി സർക്കാരിനോടുള്ള പൊതു എതിർപ്പ് വർദ്ധിച്ചുകൊണ്ടിരുന്നു. തൊഴിലില്ലായ്‌മ വർദ്ധിച്ചു, പണപ്പെരുപ്പം, ദുർഭരണമെന്ന ആരോപണവുമുണ്ടായി. 1975 ജൂണിൽ ആഭ്യന്തര കലാപത്തിന്റെ പേരിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ കാലയളവിൽ നിരവധി മൗലികാവകാശങ്ങൾ താൽക്കാലികമായി നിരോധിച്ചു, മാധ്യമങ്ങൾ സെൻസർ ചെയ്യപ്പെട്ടു, നിരവധി രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും അറസ്റ്റ് ചെയ്യപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങൾ സമ്മർദത്തിലായി, പൗരന്മാരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു’, പാഠഭാഗത്ത് പറഞ്ഞു.അടിയന്തരാവസ്ഥയെ എതിർത്ത ജയപ്രകാശ് നാരായണനെക്കുറിച്ച് പാഠഭാഗത്ത് ഊന്നിപ്പറയുന്നുണ്ട്. ബിഹാറിലും ഗുജറാത്തിലും വിദ്യാർത്ഥികളെയും പൗരന്മാരെയും ചേർത്ത് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും പറയുന്നു. അതേസമയം അടിയന്തരാവസ്ഥയെ ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.’ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥാ കാലത്തെ അചഞ്ചലമായി പ്രതിരോധിച്ച എല്ലാവർക്കും ആദരാഞ്ജലി അറിയിക്കുന്നു. ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമായിരുന്നു അടിയന്തരാവസ്ഥ. പൗരസ്വാതന്ത്ര്യം താൽക്കാലികമായി നിർത്തിവെച്ചതും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള നിയന്ത്രണം, രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും അറസ്റ്റ്, ഇതെല്ലാം നാം സാക്ഷ്യം വഹിച്ചതാണ്’, പ്രധാനമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top