ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡന്റ്, എം വിജിൻ സെക്രട്ടറി; വനിത അധ്യക്ഷ ഇതാദ്യം

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിനെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് പ്രഖ്യാപനം.
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുൽ ആണ് ട്രഷറർ. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആദ്യ രാജേന്ദ്രനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി.

സംസ്ഥാനത്ത് ആദ്യമായാണ് ഡിവൈഎഫ്ഐ പ്രസിഡന്റായി വനിത എത്തുന്നത്. സംസ്ഥാന കമ്മിറ്റിയിൽ 92 അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റിൽ 25 അംഗങ്ങളും ഉൾപ്പെടുന്നു. ആർ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡന്റുമാർ. ജോയിന്റ് സെക്രട്ടറിമാരായി ഗ്രീഷ്‌മ അജയ്‌ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ നേതൃത്വത്തെ അറിയാം
ഡോ: ചിന്ത ജെറോം
അധ്യാപക ദമ്പതികളായ സി ജെറോമിൻ്റെയും എസ്‌തർ ജെറോമിൻ്റെയും മകളായി കൊല്ലത്ത് ജനനം. കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കർമ്മല റാണി ബിഎഡ് കോളേജിൽ നിന്നും ബിഎഡ് പൂർത്തീകരിച്ച ശേഷം കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റ് നേടി. യുജിസി നെറ്റ്- ജെആർഎഫ് എന്നീ യോഗ്യതകൾ നേടിയിട്ടുണ്ട്. വിദ്യാർത്ഥികാലം മുതൽ എസ്എഫ്ഐ പ്രവർത്തകയായി പൊതുജീവിതം ആരംഭിച്ചു. എസ്എഫ്ഐ കൊല്ലം ഏരിയ പ്രസിഡൻ്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി,സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top