ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടുവയസ്സുകാരൻ പാമ്പ്
കടിയേറ്റ് മരിച്ചു. ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ചിറയിൻകീഴ് അഴൂരിലാണ് സംഭവം. മൂലയിൽ വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂർഖൻ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കുഞ്ഞ് കിടന്ന മുറിയിൽ നടത്തിയ പരിശോധനയിലാണ് മുർഖൻ പാമ്പിനെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം തൃശ്ശൂർ കോടാലി സ്വദേശിയായ വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഫിൽജോയുടെ മകൻ ആൽജോയാണ് ശംഖുവരയൻ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ആൽജോയുടെ സഹോദരൻ അനോജിനെയും പാമ്പ് കടിച്ചിരുന്നു. രണ്ട് കുട്ടികളുടെയും വായിൽ നിന്ന് നുരയും പതയും വരികയും അപ്പോൾ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും അൽജോ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റു എന്ന് തിരിച്ചറിഞ്ഞത്. വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയപ്പോൾ കുട്ടികൾ കിടന്നുറങ്ങിയ മുറിയിൽ നിന്നും ഹാളിൻ്റെ പരിസരത്തേക്ക് പാമ്പ് ഇഴഞ്ഞു വരുന്നതാണ് കണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top