ന്യൂഡൽഹി: ഡൽഹിയിൽ സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും. ഉച്ചയ്ക്ക് 12.30നാണ് ചർച്ച. ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ വച്ച് ചർച്ച സംഘടിപ്പിക്കാനാണ് തീരുമാനം. നിഷ്പക്ഷ വേദിയിൽ ചർച്ച വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം. വരുന്ന അവധി ദിവസങ്ങളിൽ പ്രതിഷേധത്തിന് ശക്തി വർധിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് സിജെപിക്ക് വഴങ്ങി കേന്ദ്രം ചർച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യം ചർച്ചയിൽ സിജെപി ഉന്നയിക്കും. ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങുമായിരിക്കും കേന്ദ്രത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക എന്നാണ് വിവരം. എന്നാൽ സിജെപി പ്രതിനിധികൾ ആരെന്നതിൽ വ്യക്തതയില്ല. രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് സിജെപിയും മറ്റ് പ്രതിപക്ഷ സംഘടനകളും പദ്ധതിയിടുന്നത്. രാവിലെ മുതൽ തന്നെ സമര വേദി സജീവമാണ്. പാർലമെന്റും പ്രക്ഷുബ്‌ധമാകാനാണ് സാധ്യത. ചർച്ച ആവശ്യപ്പെട്ട് നോട്ടീസുകൾ അടക്കം നൽകാനാണ് പ്രതിപക്ഷ തീരുമാനം.അതേസമയം സിജെപി പാർലമെൻ്റ് മാർച്ചിൽ എയർ ഗൺ ഉപയോഗിച്ച സംഭവത്തിൽ സിആർപിഎഫ് അന്വേഷണം ആരംഭിച്ചു. റാപിഡ് ആക്ഷൻ ഫോഴ്സ് ആണോ തോക്ക് ഉപയോഗിച്ചത് എന്നാണ് സംശയം. ജന്തർ മന്തറിലെ പൊലീസ് നടപടിക്ക് ശേഷം രണ്ട് ദിവസമായി പെല്ലറ്റ് കൊണ്ട് പരിക്കേറ്റവരുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതിൽ ഒരു വിദ്യാർത്ഥിയുടെ കണ്ണിന് കാഴ്‌ച നഷ്‌ടപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. പിന്നാലെ കേന്ദ്രസർക്കാരിൻ്റെ നിർദേശ പ്രകാരമാണ് അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ തോക്കുകൾ ഉപയോഗിച്ചിട്ടില്ല എന്ന് ഡൽഹി പൊലീസ് പ്രതികരിച്ചു. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് എയർഗൺ വെടിവെപ്പിൽ പരിക്ക് ഏറ്റിരുന്നത്. ജന്തർ മന്തറിൽ ഇന്നും ഇന്റർനെറ്റ് നിരോധനം തുടരും. ജന്തർ മന്തർ പരിസരത്ത് ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഇന്നും ഇന്റർനെറ്റ് നിരോധിച്ചിരിക്കുന്നത്. മെട്രോ സ്‌റ്റേഷനുകളും ഇന്നും അടഞ്ഞു കിടക്കുമെന്നാണ് വിവരം. 17 മെട്രോ സ്‌റ്റേഷനുകളാണ് അടഞ്ഞു കിടക്കുക. മെട്രോ സ്റ്റേഷനുകൾ തുറക്കണമെന്ന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നെങ്കിലും നടപ്പിലായിട്ടില്ല. പ്രതിഷേധക്കാരുടെ ജന്തർ മന്തറിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനാണ് സർക്കാർ നടപടി.അതേസമയം വിഷയത്തിൽ പ്രധാന മന്ത്രിയുടെ അർദ്ധരാത്രിയിലെ വിഡിയോ സന്ദേശത്തിൽ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി രംഗത്ത് വന്നു. അർദ്ധരാത്രിയിൽ പുറത്തുവിട്ട പരിഹാസ്യമായ വീഡിയോയിലൂടെ വിദ്യാർത്ഥികളുടെ ബുദ്ധിശക്തിയെ അപമാനിക്കരുതെന്നാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ധർമേന്ദ്ര പ്രധാനെ പുറത്താക്കുക. വിദ്യാർത്ഥികളെ മർദ്ദിച്ചവരെ ശിക്ഷിക്കുക. വിദ്യാർത്ഥികളോട് മാപ്പ് പറയുക എന്നിവ മാത്രമാണ് മോദി ചെയ്യേണ്ടതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഗൗരവമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നായിരുന്നു പധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനും കർശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്‌ച പരിഗണിക്കുമെന്ന് നരേന്ദ്ര മോദി അറിയിച്ചിരുന്നു. പാർലമെന്റിൻറെ നിലവിലെ മൺസൂൺ സമ്മേളനത്തിൽ തന്നെ ബിൽ എത്രയും വേഗം പാസാക്കാൻ സർക്കാർ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.കൂടാതെ നിരാഹാരം അവസാനിപ്പിച്ച സോനം വാങ്ചുക്കിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് മോദി പറഞ്ഞു. ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരം നിത്യവും പാലിക്കേണ്ട കാര്യങ്ങൾ കൃത്യമായി പിന്തുടരണമെന്ന നിർദേശവും നൽകി. എത്രയും വേഗം പഴയ ശരീരഭാരം വീണ്ടെടുക്കാൻ കഴിയട്ടെ എന്നും സോനം-ജിയെ ആരോഗ്യവാനായി കാണാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതായും മോദി എക്സിൽ കറിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് 26 ദിവസത്തെ നിരാഹാരം സോനം വാങ്ചുക്ക് അവസാനിപ്പിച്ചിത്. നദ്ധയും ജിതേന്ദ്ര സിങ്ങും സോനത്തിനെ ആശുപത്രിയിലെത്തി സന്ദർശിച്ചതിന് ശേഷം നാരങ്ങാ നീർ നൽകുകയായിരുന്നു. പിന്നാലെ വാങ്ചുക്ക് പ്രതികരിച്ചിട്ടുണ്ട്. ജെ പി നഡ്ഡ, ഡോ. ജിതേന്ദ്ര സിംഗ്, ലേ-ലഡാക്കിലെ ‘അപെക്‌സ് ബോഡി’യിലെ മുതിർന്ന നേതാക്കൾ എന്നിവരുമായുള്ള ചർച്ചകൾക്കൊടുവിൽ, 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 എംപിമാർ നേരത്തെ സന്ദർശിക്കുകയും സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തുകൾ നൽകുകയും ചെയ്‌തു. വിവിധ വ്യവസ്ഥകളെക്കുറിച്ചുള്ള ദീർഘമായ ചർച്ചകൾക്ക് ശേഷവും, രാജ്യത്ത് അക്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തുമാണ് തീരുമാനം എന്ന് വാങ്ചുക്ക് വ്യക്തമാക്കി. ഒരിടത്തും ഒരുതരത്തിലുള്ള അക്രമവും ഉണ്ടാകാൻ അനുവദിക്കരുതെന്നും ഇക്കാര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നതായും വാങ്ചുക്ക് പ്രതികരിച്ചു. ഉപാധികളോടെ മാത്രമാണ് നിരാഹാരം അവസാനിപ്പിച്ചിരിക്കുന്നതെന്നും വാങ്ചുക്ക് പറഞ്ഞു.
കേന്ദ്രം വഴങ്ങുന്നു; സിജെപി പ്രതിനിധികളുമായി ചർച്ച ഇന്ന്, രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷം


