കണ്ണൂർ:-രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പായ സെൻസസ് 2027മായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തികൾക്ക് ഇന്ന്(ജൂൺ 30) കൂടി സ്വന്തമായി രേഖപ്പെടുത്താം. രാവിലെ ആറ് മുതൽ രാത്രി 12 വരെയാണ് സെൽഫ് എന്യൂമറേഷനുള്ള സമയം. സെൻസസ് നടപടികൾ വേഗത്തിലാക്കുന്നതിനും എന്യൂമറേറ്റർമാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
സെൻസസ് ഉദ്യോഗസ്ഥൻ വീട്ടിലേക്ക് എത്തുന്നതിന് മുമ്പുതന്നെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താൻ ഇതിലൂടെ സാധിക്കും.
ജൂലൈ ഒന്നു മുതൽ 30 വരെ നടക്കുന്ന ഒന്നാംഘട്ട സെൻസസിന് മുന്നോടിയായാണ് സെൽഫ് എന്യൂമറേഷൻ നടക്കുക.
വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെൻസസും ഉൾപ്പെട്ടതാണ് ആദ്യഘട്ടം. 2027 ഫെബ്രുവരിയിലാണ് സെൻസസിന്റെ ഭാഗമായുള്ള ജനസംഖ്യാ കണക്കെടുപ്പ് ഉൾപ്പെടുന്ന രണ്ടാംഘട്ടം.
വീടുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങളാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെട്ടിടനമ്പർ, വീടിന്റെ അവസ്ഥ-ഉപയോഗം-ഉടമസ്ഥത സംബന്ധിച്ചവ, കുടുംബാംഗങ്ങളെ സംബന്ധിച്ചവ, കുടിവെള്ളം, കക്കൂസ്, കുളിക്കാനുള്ള സൗകര്യങ്ങൾ, അടുക്കളയുടെയും എൽ.പി.ജി/പി.എൻ.ജി കണക്ഷന്റെയും ലഭ്യത, റേഡിയോ/ടെലിവിഷൻ/ഇന്റർനെറ്റ്/കമ്പ്യൂട്ടർ/ മൊബൈൽ ഫോൺ എന്നിവ സംബന്ധിച്ചും വാഹനങ്ങൾ, ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം തുടങ്ങിയവ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ശേഖരിക്കുക.
സെൽഫ് എന്യൂമറേഷൻ ചെയ്യേണ്ട വിധം
സെൽഫ് എന്യൂമറേഷൻ ചെയ്യുന്നതിനായി പൊതുജനങ്ങൾ https://se.census.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കണം.അടുത്ത സ്ക്രീനിൽ കുടുംബനാഥന്റെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയ ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നൽകി സ്ഥിരീകരിക്കണം.
തുടർന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നൽകിയ ശേഷം മാപ്പിൽ സ്വന്തം വീട് കണ്ടെത്തി ‘റെഡ് മാർക്കർ’ അതിന് മുകളിൽ വെച്ച് ലൊക്കേഷൻ സേവ് ചെയ്യണം.
ലൊക്കേഷൻ സ്ഥിരീകരിച്ചശേഷം സ്ക്രീനിൽ വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകി സബ്ബിറ്റ് ചെയ്യാം.
തുടർന്ന് ലഭിക്കുന്ന 11 അക്കങ്ങളുള്ള ഒരു എസ്.ഇ ഐ.ഡി മൊബൈൽ സന്ദേശമായും ഇ-മെയിലിലും ലഭ്യമാകും. എന്യൂമറേറ്റർ വീട് സന്ദർശിക്കുന്ന സമയത്ത് ഈ ഐ.ഡി കൈമാറണം
സെൻസസ് വിവരങ്ങൾ സ്വന്തമായി രേഖപ്പെടുത്താൻ ഇന്ന് കൂടി അവസരം


