പത്തനംതിട്ട: കണ്ഠരര് രാജീവരുടെ മകൻ കണ്‌ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോർട്ട്. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാൻ ദേവസ്വം ബോർഡിൽ ഭൂരിപക്ഷ അഭിപ്രായമുയർന്നെന്നും വിവരമുണ്ട്. ബോർഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും. താഴമൺ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും കോടതിയെ അറിയിക്കാനാണ് ബോർഡ് നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിൻ അന്തിമ തീരുമാനമെടുക്കുക.
ശബരിമല തന്ത്രിയാകാൻ ബ്രഹ്‌മദത്തൻ യോഗ്യൻ അണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർഅതേസമയം തന്ത്രി ആരാകണം എന്ന കാര്യം ഹൈക്കോടതി തീരുമാനിക്കുമെന്നാണ് ദേവസ്വം ബോർഡ് മെമ്പർ പി ഡി സന്തോഷ് കുമാർ റിപ്പോർട്ടറിനോട് പ്രതികരിച്ചത്. സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ കണ്ഠരര് രാജീവർ പ്രതി ആണ്. താഴമൺ കുടുംബത്തെ മാറ്റുന്ന കാര്യം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ തനിക്ക് വ്യക്തിപരമായി അഭിപ്രായമില്ലെന്നും കോടതി എന്താണോ പറയുന്നത് അത് അനുസരിച്ച് തീരുമാനിക്കുമെന്നുമാണ് സന്തോഷ് പറഞ്ഞത്.
ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. പകരം തൽസ്ഥാനത്തേക്ക് മകൻ കണ്‌ഠരര് ബ്രഹ്‌മദത്തനെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്ത് വന്നതോടെയാണ് ഈ അസാധാരണ നീക്കമെന്നായിരുന്നു വിലയിരുത്തൽ. പിന്നാലെ താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ശബരിമല അയ്യപ്പക്ഷേത്രത്തിനും കോടാനുകോടി സ്വാമി ഭക്തർക്കും ഇത്രയും അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ലെന്ന് രാധാകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു പറഞ്ഞു. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാൻ ബോർഡിന് വിരോധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി നിരീക്ഷിക്കുന്ന കേസ് ആയതുകൊണ്ട് കോടതിയുടെ അഭിപ്രായം തേടുമെന്നും താഴമൺ കുടുംബത്തെ അപകീർത്തിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.ശബരിമല മേൽശാന്തി നറുക്കെടുപ്പിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കാനും തീരുനിച്ചിരുന്നു. അഭിമുഖത്തിനായി രാജീവരെ വിളിക്കില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ അറിയിച്ചിരുന്നത്. ശബരിമല തന്ത്രിയെ മാറ്റാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് പൂർണ്ണ അധികാരമുണ്ടെന്നായിരുന്നു പന്തളം കൊട്ടാരം കുടുംബാംഗം രാജരാജവർമ്മയുടെ പ്രതികരണം. യോഗ്യത ഉള്ളവരെ തന്ത്രിയായി നിയമിക്കാനുള്ള അധികാരവും ബോർഡിനുണ്ടെന്ന് സൂചിപ്പിച്ച് രാജരാജവർമ്മ ദേവസ്വം മന്ത്രി കെ മുരളീധരന് കത്തയക്കുകയും ചെയ്തു.
കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല തന്ത്രി ആകും; ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും


