കോഴിക്കോട്: മലബാർ മേഖലയിൽ ഈ മാസം 15 മുതൽ ബീഫിന് വില കൂടും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗമാണ് വിലകൂട്ടാനുള്ള തീരുമാനമെടുത്തത്. പുതുക്കിയ വിലയനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 460 രൂപയുമാകും. പഴയ നിരക്കനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 340 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 360 രൂപയുമായിരുന്നു വില.കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കന്നുകാലികൾക്ക് വില വർദ്ധിച്ചതാണ് ഇറച്ചിയുടെ വില വർദ്ധിക്കാൻ കാരണം.
മാംസ വ്യാപാര മേഖലയിലെ ഉപോത്പ്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവും വില വർദ്ധിക്കാൻ കാരണമായി. മറ്റ് ജില്ലകളിലും സാഹചര്യമനുസരിച്ച് വില വർദ്ധിക്കും. നിലവിൽ തെക്കൻ മേഖലകളിൽ 520 മുതൽ 600 രൂപക്ക് വരെ കച്ചവടം ചെയ്യുന്നവരുണ്ട്.ട്രോളിങ് നിരോധനക്കാലമായതിനാൽ മത്സ്യലഭ്യത കുറഞ്ഞതോടെ മീൻവിലയും കുത്തനെ കൂടിയിട്ടുണ്ട്. മഴ കനത്തതോടെ ചെറുവള്ളങ്ങൾ കടലിലിറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. മത്തി കിലോയ്ക്ക് 600 രൂപയോളമാണ് നിലവിലെ വില.
തൊട്ടാൽ പൊള്ളും ബീഫ്; 15 തീയതി മുതൽ വില കൂടും


