മസ്കറ്റിൽനിന്ന് കണ്ണൂരിലേക്കുള്ള വിമാനം തെന്നിമാറി; ടേക്ക്ഓഫിനിടെ എഡ്ജ് ലൈറ്റിൽ ഇടിച്ചു, ടയർ പൊട്ടി

ന്യൂഡൽഹി: മസ്ക്‌കറ്റിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽനിന്ന് തെന്നിമാറി. മേയ് 15-നായിരുന്നു സംഭംവ. എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ ബോയിങ് 737-800 വിമാനമാണ് റൺവേയിൽനിന്ന് തെന്നിമാറിയത്.

പ്രാദേശിക സമയം രാത്രി 9.30-ഓടെയായിരുന്നു സംഭവം. റൺവേയിലെ എഡ്‌ജ് ലൈറ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. ടാക്‌സിവേ ഇ7-നിൽനിന്ന് റൺവേ 26 എല്ലിലേക്ക് പ്രവേശിച്ച് ടേക്ക് ഓഫിനായി വേഗത കൂട്ടുമ്പോഴായിരുന്നു സംഭവം. ഒട്ടേറെ വിളക്കുകളിൽ വിമാനം തട്ടിയതായും നാശനഷ്ടങ്ങൾ സംഭവിച്ചതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. വിമാനത്തിന്റെ നോസ് ഗിയറിന് കേടുപാട് സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

വലിയതോതിൽ ശബ്‌ദം കേട്ടതിനെത്തുടർന്ന് പൈലറ്റുമാർ ഉടൻ തന്നെ വിമാനം നിർത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഹൈഡ്രോളിക് ചോർച്ച ഉണ്ടായതായും വിമാനത്തിൻ്റെ ടയർ പൊട്ടിയതായും റിപ്പോർട്ടുണ്ട്. രണ്ട് എഞ്ചിനുകൾക്ക് കാര്യമായ കേടുപാടു സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
റൺവേയിൽവെച്ച് തന്നെ യാത്രക്കാരേയും ജീവനക്കാരേയും പുറത്തിറക്കി ടെർമിനലിലേക്ക് അയക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് വിമാനം മസ്കറ്റ് വിമാനത്താവളത്തിൽ ദിവസങ്ങളോളം നിർത്തിയിട്ടതായാണ് വിവരം. സംഭവത്തിൽ ഒമാൻ എയർ ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ സെക്ടർ (എഎഐഎസ്) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യാത്രക്കാരെ 13 മണിക്കൂറിന് ശേഷം മറ്റൊരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലേക്ക് അയച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top