തൃശൂർ: ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ മലയാളി യുവതി ഉടമയുടെ മർദ്ദനമേറ്റ് മരിച്ചു. വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് മങ്ങാട്ട് സുനിത (47) ആണ് മർദ്ദനമേറ്റു മരിച്ചത്. മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ സുനിതയെ ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസമാണ് വെൻ്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ സുനിതയുടെ ഭർത്താവ് ഷിൻ്റോയുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. ബെംഗളൂരു സുളിബെലെയിൽ താമസിക്കുന്ന മലയാളിയായ ദീപക് കൃഷ്‌ണനാണ് സുനിതയെ മർദ്ദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
തളിക്കുളത്തെ വീട്ടിൽ 160 തെരുവുനായ്ക്കൾക്ക് സുനിതയും ഷിൻ്റോയും അഭയം നൽകുന്നുണ്ട്. വാടാനപ്പള്ളി ഭാഗത്തെ ഏഴു സ്‌കൂളുകളിൽ മിച്ചം വരുന്ന ഉച്ചഭക്ഷണമാണ് ദമ്പതികൾ നായ്ക്കൾക്ക് നൽകിയിരുന്നത്. സ്കൂൾ അടച്ചതോടെ നായ്ക്കൾക്കു ഭക്ഷണം നൽകാൻ വഴിയില്ലാതായതോടെയാണ് സുനിത ബെംഗളൂരുവിൽ ജോലി തേടി പോയത്.
ബെംഗളൂരുവിൽ ദീപക് കൃഷ്‌ണൻ നടത്തുന്ന കേന്ദ്രത്തിൽ തെരുവുനായ്ക്കളെ സംരക്ഷിക്കാൻ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നറിഞ്ഞാണ് സുനിതയും ബന്ധുവായ പെൺകുട്ടിയും മറ്റൊരു പെൺകുട്ടിയും കൂടി അവിടെ എത്തിയത്. മാസം 40,000 രൂപ നൽകാമെന്നായിരുന്നു ദീപക് പറഞ്ഞിരുന്നത്.ദീപക് നടത്തുന്ന കേന്ദ്രത്തിൽ 16 നായ്ക്കളാണുണ്ടായിരുന്നത്. ദീപക് സുനിതയോടും കൂടെയുണ്ടായിരുന്ന യുവതികളോടും മോശമായി പെരുമാറാൻ തുടങ്ങിയതോടെ ജോലിയിൽ തുടരാൻ താൽപര്യമില്ലെന്ന് ഇവർ ദീപക്കിനെ അറിയിച്ചു. പിന്നാലെ ദേഹോപദ്രവം നടത്തുകയായിരുന്നുവെന്ന് ഷിൻ്റോ നൽകിയ പരാതിയിൽ പറയുന്നു.
സുനിതയെ നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയും നിലത്തിട്ടു തലയിൽ ചവിട്ടുകയും മുടിയിൽ കുത്തിപ്പിടിച്ചു തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്‌തു. മർദ്ദനമേറ്റ് സുനിത അബോധാവസ്ഥയിലായതോടെ മറ്റു രണ്ടു പെൺകുട്ടികൾക്കൊപ്പം വീട്ടിൽ പൂട്ടിയിട്ടു ദീപക് പുറത്തേക്കു പോയി.
ഇതോടെ പെൺകുട്ടികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാർ പൂട്ടു തുറന്ന് അകത്തു കയറി. എന്നാൽ, പിന്നാലെ എത്തിയ ദീപക് മറ്റൊരു പൂട്ടിട്ട് പൊലീസുകാരെയടക്കം ഉള്ളിലിട്ടു പൂട്ടുകയായിരുന്നു. കൂടുതൽ പൊലീസ് സംഘമെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. തുടർന്ന് സുനിതയെ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞു ബെംഗളൂരുവിലെത്തിയ ഷിൻ്റോ ഭാര്യയെ തൃശൂരിലെത്തിക്കുകയായിരുന്നു.
സുനിതയെ താൻ ഉപദ്രവിച്ചിട്ടുണ്ടെന്നും ‘അവൾ ചത്തുകഴിഞ്ഞാൽ ബാക്കി നോക്കാം’ എന്ന് പറയുന്ന ദീപക് കൃഷ്ണൻ അയച്ച ഭീഷണി സന്ദേശവും ഷിൻ്റോ പൊലീസിനു കൈമാറിയിട്ടുണ്ട്.
ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ മലയാളി യുവതി ഉടമയുടെ മർദ്ദനമേറ്റ് മരിച്ചു


