കോട്ടയം ഉയർന്ന പഠന സാഹചര്യങ്ങൾ ഉണ്ടായിട്ടും മൊബൈൽ ഫോൺ
അടിമത്തം കാരണം ജില്ലയിൽ സ്കൂളിൽപ്പോകാതെ ഇരുന്നവർ 4 പേർ! പഠനം മുടങ്ങിയവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സീറോ ഡ്രോപ് ഔട്ട് മിഷൻ പദ്ധതി ‘കൂടെ’ വഴിയാണ് ഇവരെ കണ്ടെത്തിയത്. സ്കൂളിലേക്ക് എത്താൻ തയാറാകാത്ത വിദ്യാർഥികളുടെ വിലാസത്തിൽ വിദ്യാഭ്യാസ ഓഫിസർമാർ, പിടിഎ, ജനപ്രതിനിധികൾ തുടങ്ങിയവർ നടത്തിയ അന്വേഷണത്തിലാണ് ഫോൺ അഡിക്ഷനാണ് വിദ്യാർഥികൾ സ്കൂളിൽ വരാത്തതിനു കാരണമെന്ന് അറിഞ്ഞത്. ഏതു സമയവും ഫോണിൽ ഗെയിംകളിയുമായി മുറിക്കുള്ളിൽ ഇരിക്കുന്ന കുട്ടികളോടു മാതാപിതാക്കൾക്ക് എതിർത്തുപറയാനും മടിയായിരുന്നു. ഫോൺ വാങ്ങിവച്ചപ്പോൾ ദേഷ്യപ്പെടുകയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.കുടുംബാംഗങ്ങൾ ഫോൺ അഡിക്ഷൻ മാറ്റാൻ പല മാർഗങ്ങൾ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. ഈ സമയത്താണ് വിദ്യാഭ്യാസ വകുപ്പിൽനിന്നു വീടുകളിൽ അന്വേഷിച്ച് എത്തിയത്. ഏറെ നേരം സമയമെടുത്ത് കൗൺസലിങ് നൽകിയപ്പോഴാണ് സ്കൂളിൽ വരാമെന്ന് വിദ്യാർഥികൾ സമ്മതിച്ചത്. കഴിഞ്ഞ ദിവസം ഈ കുട്ടികൾ സ്കൂളിൽ വരാൻ തുടങ്ങി. ഫോൺ അഡിക്ഷൻ കാരണം വിദ്യാർഥികൾ സ്കൂളിൽ വരാതെയിരിക്കുന്ന സംഭവം ജില്ലയിൽ ആദ്യമായാണു റിപ്പോർട്ട് ചെയ്തതെന്നു വിദ്യാഭ്യാസ വകുപ്പ് പറയുന്നു.
സ്കൂളിൽനിന്ന് കൊഴിഞ്ഞുപോയത് 22 പേർ; പലർക്കും സ്കൂളിനെക്കാൾ ഇഷ്ടം ഫോണിൽ നോക്കിയിരിക്കൽ

