പ്രത്യേക പരിഗണന അർഹിക്കുന്ന 96 കുട്ടികൾക്ക് കരുതലിന്റെ കൈത്താങ്ങ് ചെറുവത്തൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ ത്രിദിന മെഡിക്കൽ ക്യാമ്പ്

ചെറുവത്തൂർ: സമഗ്ര ശിക്ഷാ കേരളം കാസർഗോഡ്, ബി.ആർ.സി. ചെറുവത്തൂരിന്റെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ത്രിദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ ആരോഗ്യപരമായ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും ആവശ്യമായ തുടർചികിത്സ ഉറപ്പാക്കുന്നതിനുമായി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.
കാലിക്കടവ് കരക്കേരു ഫ്രണ്ട്സ് ക്ലബ്ബിൽ നടന്ന മെഡിക്കൽ ക്യാമ്പ് ചെറുവത്തൂർ എ.ഇ.ഒ. രമേശൻ പുന്നത്തരിയൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഗവൺമെന്റ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോ. പ്രകാശ് കെ.വി. മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ബി.ആർ.സി. ചെറുവത്തൂർ ബി.പി.സി. സതീശൻ യു. അധ്യക്ഷത വഹിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷീബ എ.കെ. സ്വാഗതവും രോഷ്നി ബി. നന്ദിയും പറഞ്ഞു.
ക്യാമ്പിന്റെ ഭാഗമായി 2026 സെപ്റ്റംബർ 9 ബുധനാഴ്ച തങ്കയം എ.എൽ.പി.എസ്., ഗവൺമെന്റ് ഹോസ്പിറ്റൽ തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ കേൾവി പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. ജൂനിയർ ഇ.എൻ.ടി. ഡോ. അഭയ രാജൻ, ഓഡിയോളജിസ്റ്റ് സനൽ കുമാർ ടി. എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മെഡിക്കൽ ക്യാമ്പിന് സെപ്റ്റംബർ 11ന് സമാപനമാകും. വിവിധ മെഡിക്കൽ വിഭാഗങ്ങളിലായി 96 കുട്ടികൾ ക്യാമ്പിന്റെ ഭാഗമായി പങ്കെടുക്കും.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ആരോഗ്യസംരക്ഷണത്തോടൊപ്പം അവരുടെ വിദ്യാഭ്യാസവും പുനരധിവാസവും കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള ബി.ആർ.സി.യുടെ ഇടപെടലിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top