കരുവാറ്റക്കേസ്: പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിൽ വിട്ടു; അസാധാരണ നടപടി

ആലപ്പുഴ: കരുവാറ്റയിൽ വയോധികരെ കൗമാരക്കാർ കൊലപ്പെടുത്തിയ കേസിൽ അസാധാരണ നടപടിയുമായി ആലപ്പുഴ ജുവനൈൽ കോടതി. പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള വ്യവസ്ഥ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഇല്ലെന്നും അത്തരത്തിലുള്ള മുൻ കോടതിവിധികൾ ഇല്ലെന്നുമുള്ള വാദം തള്ളിയാണ് കോടതിയുടെ അസാധാരണ നടപടി.
13 വയസ്സുകാരി ഉൾപ്പെടെ മുഴുവൻ പേരും മൈനർ ആയ കൊലകേസ് അപൂർവത്തിൽ അപൂർവമാണെന്നും കുട്ടികളുടെ കസ്റ്റഡി വിവരങ്ങൾ അതീവ രഹസ്യമായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കർശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരുടെയും കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്. കേരളത്തിലെ ആദ്യത്തെ വിധിയാണിത്. അതേസമയം, പെൺകുട്ടിയെ ചോദ്യം ചെയ്യാനുള്ള അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റി.ഡൽഹി നിർഭയകേസിൽ പോലും പ്രായപൂർത്തിയാകാത്ത പ്രതികളെ കസ്റ്റഡിയിൽ വിടുന്ന നടപടി കോടതി സ്വീകരിച്ചിട്ടില്ല. എന്നാൽ ഈ കേസ് അപൂർവങ്ങളിൽ അപൂർവമെന്നും ഒന്നിൽ കൂടുതൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന കേസാണിതെന്നും കോടതി നിരീക്ഷിച്ചു. ജെ ജെ ആക്ടിൽ പൊലീസ് കസ്റ്റഡിയെ പറ്റി പ്രത്യേക വ്യവസ്ഥ ഇല്ല. കുട്ടികളെ പൊലീസ് ലോക്കപ്പിലും ജയിലിലും പാർപ്പിക്കരുത് എന്ന് മാത്രമാണ് ജെജെ ആക്ട് വ്യവസ്ഥയിലുള്ളതെന്നും ആലപ്പുഴ ജുവനൈൽ കോടതി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രത്യേക കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്യുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനും പാടില്ല എന്നുള്ള വ്യവസ്ഥയില്ല. ദൃക്സാക്ഷികൾ ഇല്ലാത്ത, അടച്ചിട്ട വീട്ടിൽ അർദ്ധരാത്രിയിൽ നടത്തിയ കൊലപാതകത്തിൽ, കുട്ടികൾ മാത്രം ഉൾപ്പെടുന്ന കേസായതിനാൽ കുട്ടികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കിൽ കേസ് ദുർബലപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു. കുട്ടികളെ ദുരുപയോഗം ചെയ്‌തു കൊലപാതകം നടത്തിയാൽ, നിയമ പരിരക്ഷ കിട്ടില്ല എന്ന സന്ദേശമാണ് ഈ വിധിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കേസിൽ പ്രധാന ആസൂത്രണം നടത്തിയെന്ന കുറ്റാരോപിതയായ 13 വയസ്സുകാരി പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. മൊഴിയെടുക്കാൻ മാത്രമാണ് അനുമതി ചോദിച്ചിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top