‘ബൂട്ടിട്ട് തൊഴിച്ചു, നഗ്നനാക്കിയും മർദ്ദനം’; കാലടിയിൽ ദളിത് യുവാവിന് നേരെ പൊലീസിൻ്റെ ക്രൂരതയെന്ന് പരാതി

കൊച്ചി: കാലടി സ്റ്റേഷനിൽ ദളിത് യുവാവിന് ക്രൂരമർദ്ദനമെന്ന് പരാതി. കാലടി പൊലിസിനെതിരെ പരാതിയുമായി യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. കാലടി സ്വദേശി സുജിത്ത് എസ്‌പിക്ക് പരാതി നൽകി. സെപ്റ്റംബർ രണ്ടാം തീയതി ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിച്ച് രാത്രിവരെ ക്രൂരമായി മർദ്ദിച്ചെന്നാണ് യുവാവിന്റെ പരാതി. ജനനേന്ദ്രിയത്തിൽ പൊലീസ് ബൂട്ടിട്ട് തൊഴിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണുള്ളത്. ഇൻ്റർലോക് കട്ട കൊണ്ട് മുതുകിൽ ഇടിച്ചെന്നും നഗ്നനാക്കി മർദിച്ചെന്നും പരാതിയിൽ പറയുന്നു. ഇദ്ദേഹത്തെ മർദ്ദിച്ച പൊലീസുകാരുടെ പേരടക്കം ഉൾപ്പെടുത്തിയാണ് പരാതി നൽകിയിരിക്കുന്നത്.കഴിഞ്ഞ രണ്ടാം തീയതി സുജിത്തിനെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചുകൊണ്ട് പോവുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ ക്രിമിനൽ കേസിൽപ്പെട്ടിട്ടുണ്ടെന്നും അത് അന്വേഷിക്കാനാണ് കൊണ്ടു പോകുന്നതെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്. സ്റ്റേഷനിൽ എത്തിയ ശേഷം ഇതിനെക്കുറിച്ച് ഒന്നും ചോദിച്ചിരുന്നില്ല. എന്നാൽ തൻ്റെ പേരും ജാതിയും മാത്രം ചോദിച്ച് അത് രേഖപ്പെടുത്തുക മാത്രമാണ് ചെയ്‌തതെന്നും സുജിത്ത് പറയുന്നു. പിന്നാലെയാണ് ക്രൂര മർദ്ദനമുണ്ടായത്. ഉച്ചക്ക് 12: 30 ന് സ്റ്റേഷനിൽ എത്തിയ ശേഷം പിറ്റേ ദിവസം രണ്ട് മണിവരെ മർദ്ദിച്ചെന്നാണ് യുവാവ് പറയുന്നത്. കാൽ അകത്തി വെച്ചശേഷം ബൂട്ടിട്ട് ജനനേന്ദ്രിയത്തിൽ തൊഴിക്കുകയും ലാത്തി ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തെന്നും ഇദ്ദേഹം പറയുന്നുണ്ട്.താൻ ഒരു ടാക്സ്‌സി ഡ്രൈവറാണെന്നും എന്നാൽ വാഹനം ഒടിക്കുന്നതിനിടയിൽ വരുന്ന പെറ്റി കേസ് പോലും തനിക്കെതിരെ ഇല്ലെന്നും സുജിത്ത് വ്യക്തമാക്കുന്നുണ്ട്. പിന്നാലെ അൻവർ സാദത്ത് എംഎൽഎ അടക്കം ഇടപെട്ടതിനെ തുടർന്നാണ് സുജിത്തിനെ സ്റ്റേഷനിൽ നിന്ന് മോചിപ്പിക്കുന്നത്. സുജിത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടോ എന്നതിലടക്കം ഇപ്പോഴും വ്യക്തതയില്ല. ‌സ്റ്റേഷനിൽ നിന്ന് വിട്ടയച്ച ശേഷം സുജിത്ത് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ചെയ്‌തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top