തിരുവനന്തപുരം: അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. തിരുവനന്തപുരം വെള്ളനാട് ചാങ്ങയിലാണ് സംഭവം. ചാങ്ങ പണ്ടാര വീട്ടിൽ വൈഷ്ണവിയാണ് പരാതിക്കാരി. ഒരു വയസുള്ള കുഞ്ഞിന് നൽകാനായി വാങ്ങിയ പാക്കറ്റിലാണ് പല്ലിയെ കണ്ടത്. വിഷയത്തിൽ ആരോഗ്യമന്ത്രിക്കും വകുപ്പ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് 19-ന് ചാങ്ങ ഏഴാം നമ്പർ അങ്കണവാടിയിൽ നിന്നാണ് അമൃതം പൊടി വാങ്ങിയതെന്ന് വൈഷ്ണവിയുടെ പരാതിയിൽ പറയുന്നു. വാങ്ങിയ പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടത്. ആരോഗ്യ മന്ത്രിക്കും വകുപ്പ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. കാട്ടാക്കട ആമച്ചലിലെ പ്രകൃതി ന്യൂട്രിമിക് നിർമ്മിച്ച പൊടിയാണിത്.മന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയിൽ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് മറുപടി ലഭിച്ചതായി വൈഷ്ണവി പ്രതികരിച്ചു. ഇത്തരം സംഭവം ഇനി ആവർത്തിക്കരുത്. മറ്റൊരു കുഞ്ഞിനും ഇതുപോലൊരു അനുഭവമുണ്ടാകരുത്. അതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനയും തുടർനടപടികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അങ്കണവാടിയിൽ നിന്ന് കിട്ടിയ അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി യുവതി

