തിരുവനന്തപുരം: എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സംസ്ഥാനം. മുഖ്യമന്ത്രി വി ഡി സതീശൻ തലസ്ഥാനത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി. ദേശീയഗാനത്തിൻ്റെ അകമ്പടിയോടെയാണ് പതാക ഉയർത്തിയത്. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ആലപിച്ചില്ല. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിൻ്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു.
ഒരു ദുരന്തമുഖത്തെ അതിജീവിച്ചവരാണ് കടന്നുവരുന്നതെന്നും സർക്കാർ അവരെ ചേർത്ത് പിടിക്കും. നഷ്ടങ്ങൾക്ക് പകരമാകാൻ ഒന്നും കഴിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. പ്രളയദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ സമീപനങ്ങളെയാണ് സർക്കാർ തേടുന്നത്. ജാതിയും മതവും ഉദ്ദേശവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറാൻ ആകണം. ജനാധിപത്യബോധവും മതേതരത്വവും തുല്ല്യതയുമാണ് നമ്മുടെ കരുത്തും ഊർജ്ജവും. അതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സ്വാതന്ത്ര്യദിനത്തിൽ പ്രതിജ്ഞ ചെയ്യാം എന്നും മുഖ്യമന്ത്രി പറഞ്ഞു.കുട്ടികളും ചെറുപ്പക്കാരും പരീക്ഷാ നടത്തിപ്പ് മുതൽ തൊഴിലവസരങ്ങളുടെ കുറവ് വരെയുള്ള ഒരു കൂട്ടം കൊടിയ പ്രശ്നങ്ങളുടെ നടുവിലാണ്. കൃഷിക്കാരും തൊഴിലാളികളും തീരദേശത്തെ ജനങ്ങളും നേരിടുന്ന വെല്ലുവിളി അനവധിയാണ്.
പുതുതലമുറയെ ചേർത്തുപിടിച്ച് ഓരോ ചുവടും മുന്നോട്ടുവെയ്ക്കേണ്ട സമയമാണിത്. രാജ്യത്തിനും സംസ്ഥാനത്തിനും സാമ്പത്തിക വളർച്ചയും വികസനവും വേണം. തൊഴിലുകൾ സൃഷ്ടിക്കപ്പെടണം. ക്ഷേമ പ്രവർത്തനങ്ങൾ ജനാധിപത്യസംവിധാനത്തിൽ ആരുടേയും ഔദാര്യമല്ല. അത് അവകാശമാണ്
എന്നും മുഖ്യമന്ത്രി പറഞ്ഞു.
80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സംസ്ഥാനം; ദേശീയപതാക ഉയർത്തി മുഖ്യമന്ത്രി, വന്ദേമാതരം ആലപിച്ചില്ല


