തിരുവനന്തപുരം കല്ലറയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്നു തെറിച്ചു റോഡിലേക്കു വീണ് വിദ്യാർഥിക്കു പരുക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീനാണു പരുക്കേറ്റത്. കല്ലറയിൽനിന്നു വെഞ്ഞാറമൂട്ടിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിൽനിന്നാണ് പിൻഭാഗത്തെ ഡോർ തുറന്ന് അൽ അമീൻ റോഡിലേക്കു തെറിച്ചുവീണത്.
പഴയചന്ത ജംക്‌ഷനിൽ രാവിലെ 9 മണിയോടെയായിരുന്നു അപകടം. ബസിൽ അമിതമായ തിരക്കുണ്ടായിരുന്നു. തിരക്കു മൂലമാണോ അതോ മറ്റെന്തെങ്കിലും തകരാറു കൊണ്ടാണോ ബസിന്റെ ഡോർ തുറന്നുപോയതെന്നു പരിശോധിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. പരുക്കേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്ക്കും കാലിനുമാണു പരുക്കേറ്റിരിക്കുന്നത്.


