ലഹരിക്കടത്തിന് വ്യാജ ബാങ്ക് അക്കൗണ്ട്; മൊഗ്രാൽ സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ, പ്രതികളിൽനിന്ന് 100 ലധികം ആധാർ കാർഡുകൾ, പാൻ കാർഡുകൾ പിടിച്ചെടുത്തു

കണ്ണൂർ: മയക്കുമരുന്ന് കടത്തിനും മറ്റ് സാമ്പത്തിക തട്ടിപ്പുകൾക്കുമായി വ്യാജരേഖകൾ ചമച്ച് ബാങ്ക് അക്കൗണ്ടുകൾ നിർമിച്ച കേസിൽ രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌തു. കാസർകോട് മൊഗ്രാൽ സ്വദേശി അബ്ദുൽ റഹ്‌മാൻ(39), എറണാകുളം പള്ളുരുത്തി സ്വദേശി കെ എം റിഷാദ്(41) എന്നിവരാണ് പിടിയിലായത്‌. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരെയും തലശ്ശേരി എഎസ്‌പി ഡോ.എം നന്ദഗോപൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. പ്രതികളിൽനിന്ന് 100 ൽ അധികം ആധാർ കാർഡുകൾ, പാൻ കാർഡുകൾ, വിവിധ വ്യാജ സർട്ടിഫിക്കറ്റുകൾ, മൊബൈൽ ഫോണുകൾ, വ്യാജ സീലുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
എംഡിഎംഎ കേസിൽ പ്രതിയായ തലശ്ശേരി ചിറക്കര സ്വദേശി മുജ്‌തബ എന്ന താബുവിനെ(28) അടുത്തിടെ ബെംഗളൂരുവിൽനിന്ന് പിടികൂടിയതോടെയാണ് വ്യാജ അക്കൗണ്ട് നിർമാണ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. മുജ്‌തബയെ വിശദമായി ചോദ്യം ചെയ്‌തതോടെ വ്യാജരേഖ ചമച്ചവരിലേക്ക് പൊലീസ് എത്തുകയായിരുന്നു. പ്രതികൾക്ക് പിന്നിൽ വലിയൊരു ലഹരി-തട്ടിപ്പ് ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം തലശ്ശേരി എ.എസ്.പി നന്ദഗോപന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top