മദ്യക്കുപ്പി തിരിച്ചു നൽകിയാൽ 20 രൂപ: പദ്ധതി നിർത്തിയത് ഓണം വരെ മാത്രം; വ്യക്തമാക്കി എക്സൈസ് മന്ത്രി

തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കിയാതായി ബെവ്കോ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി എക്സൈസ് മന്ത്രി രംഗത്ത്. പദ്ധതി നിർത്താൻ ഉള്ള തീരുമാനത്തെ തിരുത്തിയതായി മന്ത്രി വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് മന്ത്രിക്ക് മോശം അഭിപ്രായം ഇല്ലെന്നും തൽക്കാലം ഓണം വരെ പദ്ധതി നിർത്തിവയ്ക്കുമെന്നും എം ലിജു പറഞ്ഞു. ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഓണത്തിന് ശേഷം വീണ്ടും പരിഷ്കരിച്ച് പദ്ധതി നടപ്പിലാക്കുമെന്നും അറിയിച്ചു.
നാളെ മുതൽ പദ്ധതി നിർത്തലാക്കുമെന്നും ഇനി ഒഴിഞ്ഞ മദ്യകുപ്പികൾ നൽകിയാൽ 20 രൂപ ലഭിക്കില്ലെന്നുമായിരുന്നു ബെവ്കോ അറിയിച്ചിരുന്നത്. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ 20 രൂപ അധികം നൽകണമായിരുന്നു. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ 20 രൂപ തിരികെ നൽകുന്നതായിരുന്നു രീതി. പദ്ധതിക്കെതിരെ നേരത്തെ വ്യാപകമായി പരാതി ഉയർന്നിരുന്നു. മദ്യശാലകളുടെ പ്രവർത്തനത്തെ പദ്ധതി ബാധിച്ചുവെന്നും കാലിയായ മദ്യക്കുപ്പികൾ നീക്കം ചെയ്യാത്തത് ബുദ്ധിമുട്ടായെന്നുമായിരുന്നു ഉയർന്ന പരാതി. മദ്യം സംഭരിക്കേണ്ട സ്ഥലത്തിന്റെ വലിയൊരു ഭാഗം കാലിക്കുപ്പികൾ സംഭരിച്ചതോടെ സ്റ്റോക്ക് സംഭരിക്കുന്നതിനും തടസ്സമായിരുന്നു.കുപ്പികൾ ശേഖരിക്കുന്നത് ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി. മദ്യശാലകൾക്ക് സമീപം പ്ലാസ്റ്റിക് കുപ്പികൾ കുമിഞ്ഞു കൂടുന്നതും വാർത്തയായിരുന്നു. പദ്ധതി പിൻവലിച്ചതായി നോട്ടീസ് പ്രദർശിപ്പിക്കാനും നേരത്തെ ബെവ്കോ നിർദേശിച്ചിരുന്നു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണ് പദ്ധതി തുടങ്ങിയത്. തിരഞ്ഞെടുക്കപ്പെട്ട ഔട്ട്ലറ്റ്ലെറ്റുകളിലൂടെ വിൽക്കുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികളിൽ 20 രൂപ അധികം ഈടാക്കുന്നതിനായി പ്രത്യേകം ക്യൂ ആർ കോഡ് പതിപ്പിച്ചാണ് വിറ്റിരുന്നത്. ഈ ക്യൂആർ കോഡ് പതിച്ച കാലിക്കുപ്പികൾ അതേ ഔട്ട്ലറ്റ്ലെറ്റിൽ തിരിച്ചു നൽകിയാൽ ഉപഭോക്താവിന് 20 രൂപ തിരിച്ചു നൽകുന്നതായിരുന്നു രീതി. ഈ നിലയിൽ 2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 10വരെയുള്ള കാലയളവിൽ 6.63 കോടിയോളം രൂപയാണ് പദ്ധതി പ്രകാരം ബെവ്കോ ഉപഭോക്താക്കൾക്ക് തിരികെ നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top