നെന്മാറ നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം
വിട്ടുണ്ടായ അപകടത്തിൽ ആളപായം കുറച്ചത് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം. നെല്ലിയാമ്പതിയിൽ നിന്നു നെന്മാറയിലേക്കുള്ള ബസ് രാവിലെ 9.50നു പോത്തുണ്ടി ചെക്പോസ്റ്റിന് 2 കിലോമീറ്റർ മുൻപുള്ള വളവിൽ നിയന്ത്രണം നഷ്‌ടപ്പെട്ടു തോട്ടത്തിലേക്ക് ഇറങ്ങുകയായിരുന്നു. അപകടസ്‌ഥലത്തിന് 500 മീറ്റർ മുൻപു ബസിനു നിയന്ത്രണം നഷ്ട്‌ടപ്പെട്ടതായാണ് യാത്രക്കാരുടെ മൊഴി. മഴയെത്തുടർന്ന് വിനോദസഞ്ചാരികൾക്കു നിരോധനമുള്ളതിനാൽ റോഡിൽ വാഹനത്തിരക്കില്ലായിരുന്നു. 40 സീറ്റുള്ള ബസിൽ 72 യാത്രക്കാരുണ്ടായിരുന്നു. റോഡിൻ്റെ വലതുവശത്തെ കോൺക്രീറ്റ് തൂൺ തകർത്ത ബസ് താഴെ തേക്കു പ്ലാൻ്റേഷനിലേക്ക് ഇറങ്ങി 2 തേക്കുമരങ്ങൾ ഇടിച്ചിട്ട ശേഷം മുന്നോട്ടുനീങ്ങി മറ്റൊരു തേക്കുമരത്തിൽ ഇടിച്ചാണു നിന്നത്. ഇടിയിൽ ചില്ലു തകർന്നു. മുന്നിൽ നിൽക്കുകയായിരുന്ന ജയന്തി ചില്ലു തകർന്ന ഭാഗത്തുകൂടി തെറിച്ച് ബസിനും തേക്കുമരത്തിനും ഇടയിൽ കുടുങ്ങുകയായിരുന്നു.
അപകടത്തിൽ മുൻവശത്തെ ചില്ലു തകർന്നു പുറത്തേക്കു തെറിച്ചുവീണ് ബസിനും മരത്തിനും ഇടയിൽ കുടുങ്ങി യാത്രക്കാരി മരിച്ചിരുന്നു. ഡ്രൈവർ ഉൾപ്പെടെ 49 പേർക്കു പരുക്കേറ്റു. നെല്ലിയാമ്പതി ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലെ ജീവനക്കാരി ജയന്തി (55) ആണ് മരിച്ചത്. പരുക്കേറ്റവരെ ആദ്യം നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇതിൽ 14 പേർ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്. 35 പേരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. പേഴുംപാറ പഴനിസ്വാമിയുടെ ഭാര്യയാണ് ജയന്തി. 2012ൽ ജോലി സ്ഥിരപ്പെട്ട ജയന്തി അവിടെ ക്വാർട്ടേഴ്‌സിലാണ് താമസം. അവിടെ നിന്ന് ഇന്നലെ പേഴുംപാറയിലെ ഭർതൃസഹോദരൻ്റെ വീട്ടിലേക്കു വരികയായിരുന്നു. മക്കൾ: പ്രശാന്ത്, പ്രിയ. മരുമക്കൾ: ആബിദ (നെല്ലിയാമ്പതി പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ), സുരേഷ്.


