കാസർകോട്: കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് വാഹനപരിശോധന നടത്തുന്നതിനിടയിൽ പൊലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമം. സംഭവത്തിൽ നരഹത്യാശ്രമത്തിനു കേസെടുത്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തുതു. ബദിയഡുക്ക, നെക്രാജെ സ്വദേശികളായ സഫ് വാൻ, അമീർ, കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ മുഹമ്മദ് ഷമീൻ എന്നിവരാണ് അറസ്റ്റിലായത്. എആർ ക്യാമ്പിലെ പൊലീസുകാരനായ സന്ദീപിനാണ് കുത്തേറ്റത്.
ഇന്ന് (ചൊവ്വ) പുലർച്ചെ ഒന്നര മണിയോടെ കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്താണ് അക്രമ സംഭവം അരങ്ങേറിയത്. കൺട്രോൾ റൂം എസ്ഐയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയിൽ കറന്തക്കാട് ഭാഗത്ത് നിന്നു ഒരു ബൈക്കിൽ എത്തുകയായിരുന്നു മൂന്നംഗ സംഘം. ബൈക്ക് യാത്രക്കാർ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. ബൈക്ക് തടഞ്ഞു നിർത്തി പരിശോധിക്കുന്നതിനിടയിൽ ബൈക്ക് യാത്രക്കാർ പൊലീസുകാരോട് തട്ടിക്കയറുകയായിരുന്നുവെന്നു പറയുന്നു. ഇതിനിടയിൽ പൊലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമം ഉണ്ടായപ്പോൾ സന്ദീപ് തടയാൻ ശ്രമിക്കുകയും ഈ സമയത്ത് ബൈക്ക് യാത്രക്കാരിൽ ഒരാൾ കത്തിയെടുത്ത് കഴുത്തിനു കുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. കുത്ത് തടയുന്നതിനിടയിലാണ് സന്ദീപിൻ്റെ വലതു കൈവെള്ളയിൽ മുറിവേറ്റത്. ഇതിനിടയിൽ കൂടുതൽ പൊലീസെത്തി മൂന്നു പേരെയും കീഴ്പ്പെടുത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
കാസർകോട്ട് വാഹനപരിശോധനക്കിടയിൽ പൊലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമം; നെക്രാജെ, കല്ലൂരാവി സ്വദേശികൾ അറസ്റ്റിൽ


