കാസർകോട്: യുക്രയിനിൽ ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നാവികൻ അഖിൽ ജോയൻ അവസാനം നാട്ടിൽ എത്തിയത് വിവാഹ നിശ്ചയത്തിനായി ആയിരുന്നെന്ന് കുടുംബം. വിവാഹ ആഘോഷങ്ങളിലേക്ക് കടക്കേണ്ട കുടുംബത്തിൻ്റെ ഹൃദയം തകർത്തായിരുന്നു ഇന്നലെ അഖിലിൻ്റെ മരണ വാർത്ത എത്തിയത്. മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ അഖിൽ ഉൾപ്പടെ 11 പോരാണ് യുക്രയിൻ തീരത്ത് റഷ്യ നടത്തിയ ആക്രമണത്തിൽ ഇന്നലെ കൊല്ലപ്പെട്ടത്. ഒഡേസ തീരത്തായിരുന്നു ഗോൾഡൻ ലീയോ എന്ന കപ്പൽ ആക്രമിക്കപ്പെട്ടത്.
അഖിലിന്റെ മരണ വാർത്ത ഔദ്യോഗികമായി അറിയിച്ച ശേഷം നിരവധി പേർ വെള്ളരിക്കുണ്ടിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ 9 മണിയോടെയാണ് കപ്പൽ കമ്പനി ഹൃദയ ഭേദകമായ വാർത്ത അഖിലിന്റെ പിതാവിനെ അറിയിക്കുന്നത്. അഖിലിൻ്റെ ഷിപ്പിന് നേരെ റഷ്യയുടെ മിസൈൽ ആക്രമണമുണ്ടായെന്നും അഖിലിനെ കാണാനില്ലെന്നുമായിരുന്നു ആദ്യ വിവരം. പിന്നേട് മുബൈയിലെ കമ്പനിയെ പിതാവ് ബന്ധപ്പെട്ടിരുന്നെങ്കിലും കമ്പനിക്ക് മറ്റ് വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നായിരുന്നു അറിയിച്ചത്. ഉച്ചയോടെ വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് പ്രതീക്ഷകൾ അവസാനിപ്പിച്ച് മരണപ്പെട്ടവരിൽ ഒരാൾ അഖിൽ ആണെന്ന വാർത്ത കുടുംബം അറിയുന്നത്.എന്നാൽ അഖിലിൻ്റെ മൃതദേഹം എപ്പോൾ എത്തിക്കും എന്നതിനെ സംബന്ധിച്ച് ഇതുവരെ കുടുംബത്തിന് ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്നാണ് പിതാവ് പറയുന്നത്. എംപി തലത്തിൽ ഇതിന് വേണ്ട നടപടികൾ നടക്കുന്നുണ്ടെന്നാണ് വിവരം. അടുത്ത വർഷം ഏപ്രിലിലായിരുന്നു അഖിലിൻ്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ഒരുമാസം മുമ്പായിരുന്നു വിവാഹ നിശ്ചയം.
ആക്രമണത്തിൽ പരിക്കേറ്റ എട്ടുപേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവിക സേന ഇന്നലെ അറിയിച്ചിരുന്നു. മരിച്ചവരിൽ നാലുപേർ ഇന്ത്യക്കാരാണ്. അഞ്ച് ഇന്ത്യക്കാരടക്കം ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മുംബൈ ആസ്ഥാനമായുള്ള ഓഷ്യൻ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഗോൾഡൻ ലിയോ.
മലയാളി നാവികൻ്റെ മരണം; വെള്ളരിക്കുണ്ടിൽ കണ്ണീർ കാഴ്ച, മരണം പാഞ്ഞെത്തിത് വിവാഹാഘോഷം നടക്കേണ്ട വീട്ടിൽ


