ഉടുതുണി മാറ്റിയും മർദ്ദിച്ചു; കാസർകോട് യുവാവിന് പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമെന്ന് പരാതി

കാസർകോട്: കാസർകോട് ബദിയടുക്കയിൽ കസ്റ്റഡി മർദ്ദനമെന്ന് പരാതി. പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മർദ്ദനമേറ്റ അജിത്തിന്റെ കുടുംബം രംഗത്ത്. യാതൊരു തെറ്റും ചെയ്യാതെയാണ് പൊലീസ് അജിത്തിനെ മർദ്ദിച്ചതെന്നാണ് പരാതി. രാത്രി വീട്ടിലെത്തി ബലം പ്രയോഗിച്ചാണ് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കളുടെ മുന്നിൽ വെച്ച് അജിത്തിനെ മർദ്ദിച്ചതായും പരാതിയുണ്ട്. പൊലീസ് വാഹനമില്ലാതെ മഫ്‌തിയിലാണ് പൊലീസുകാർ വന്നതെന്നും ഇവർ ആരോപിക്കുന്നു.
പൊലീസ് കേസിനെ കുറിച്ച് ഒരു കാര്യവും ബന്ധുക്കളോട് പറഞ്ഞില്ലെന്നും ആരോപണമുണ്ട്. സ്റ്റേഷനിൽ വെച്ചും പൊലീസ് അജിത്തിനെ കൂരമായി മർദ്ദിച്ചെന്ന് ബന്ധുങ്ങൾ പറയുന്നു. നാട്ടിൽ വലിയ നാണക്കേടാണ് അജിത്തിന് ഉണ്ടായതെന്നും കുടുംബം പറയുന്നുണ്ട്. നിയമ നടപടിയുമായി ഏതറ്റം വരെയും പോകുമെന്നും കുടുംബം പറഞ്ഞത്. അടക്ക മോഷണം ആരോപിച്ചാണ് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ അന്വേഷണത്തിൽ അജിത്തല്ല കേസിലെ യഥാർത്ഥ പ്രതിയെന്ന് കണ്ടെത്തിയിരുന്നു. കേസിൽ യഥാർത്ഥ പ്രതികളായ മൂന്ന് പേരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.മോഷണം നടന്ന സ്ഥലത്തെ സിസിടിവിയിൽ അജിത്തിന്റെ രൂപസാദൃശ്യമുള്ള ആളെ കണ്ടു എന്ന് പറഞ്ഞായിരുന്നു അജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക വാഹനത്തിലായിരുന്നില്ല പൊലീസ് എത്തിയത്. സ്റ്റേഷനിൽ വെച്ച് ഉടുതുണി ഉരിച്ചടക്കം മർദിച്ചെന്നും ആരോപണമുണ്ട്. അതേസമയം സംശയത്തെ തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മർദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top