മലപ്പുറം: പൊന്നാനി ബലാത്സംഗ കേസിൽ കേസെടുക്കാൻ നിർദ്ദേശം നൽകി പൊന്നാനി മജിസ്ട്രേറ്റ് കോടതി. മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതിയാകും. അതിജീവിതയുടെ പരാതിയിലാണ് നടപടി. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, എസ്എച്ച്ഒ വിനോദ് വലിയാറ്റൂർ എന്നിവർ പ്രതികളാകും.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. സുപ്രീംകോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. 2022 ജനുവരിയിലാണ് അതിജീവിതയുടെ പരാതിക്ക് ആധാരമായ കുറ്റകൃത്യം നടന്നത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ അതിജീവിത പൊന്നാനി പൊലീസിനെ സമീപിച്ചിരുന്നു.തുടർന്നാണ് സി ഐ വിനോദ് വലിയാറ്റൂർ അതിജീവിതയുടെ വീട്ടിലെത്തുന്നത്. വീട്ടിലെത്തിയ വിനോദ് അതിജീവിതയെ ബലാത്സംഗത്തിന് ഇരയാക്കി. തുടർന്ന് വി വി ബെന്നി അതിജീവിതയെ ആക്രമിച്ചു. പരാതി നൽകാൻ എത്തുമ്പോഴാണ് മലപ്പുറം എസ് പി സുജിത് ദാസ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.
പൊന്നാനി ബലാത്സംഗക്കേസ്: കേസെടുക്കാൻ നിർദ്ദേശം; എസ്പി, ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ പ്രതികൾ


