മഴ കനക്കുന്നു; ഇന്ന് 11 ജില്ലകളിൽ മുന്നറിയിപ്പ്, തൃശൂർ ജില്ലയ്ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലേർട്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, കനത്ത മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി നൽകിയിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും ഇന്റർവ്യൂവിനും ഈ അവധി ബാധകമായിരിക്കില്ല. എല്ലാവരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ദുരന്തനിവാരണ വകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കണ്ണൂർ, കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top