പാസ്പോർട്ട് അപേക്ഷാ ഫീസ് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

പാസ്പോർട്ട് അപേക്ഷാ ഫീസ് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. നീണ്ട പതിനാല് വർഷത്തിന് ശേഷമാണ് പാസ്പോർട്ട് അപേക്ഷാഫീസിൽ വലിയ മാറ്റം വരുത്തുന്നത്. അബുദബിയിലെ ഇന്ത്യൻ എംബസി, ദുബായിലെ കോൺസുലേറ്റ്, യുഎഇയിലുടനീളമുള്ള മറ്റ് ഔദ്യോഗിക പാസ്പോർട്ട് സേവന കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകൾ ഒരുപോലെ പ്രാബല്യത്തിൽ വരും. ലോകത്തെ വിവിധ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ പാസ്പോർട്ട് നിരക്കുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി.
പുതുക്കിയ നിരക്ക് ഇന്നുമുതൽ (ജൂലൈ 1 ) പ്രാബല്യത്തിൽ വരുന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. മുതിർന്നവർക്ക് സാധാരണ 36 പേജുകളുള്ള പാസ്പോർട്ട് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനും മുൻപ് 285 ദിർഹമായിരുന്നു എന്നാൽ ഇനി മുതൽ 450 ദിർഹം കൊടുക്കണം. അത് തത്കാൽ വഴി എടുക്കുന്നതിന് 900 ദിർഹവുമാണ് വരുന്നത്.
ഏകദേശം 60 ശതമാനത്തിന്റെ വർദ്ധനവാണ് വന്നിട്ടുള്ളത്. കൂടാതെ 60 പേജുകളുള്ള പാസ്പോർട്ടിന് 630 ദിർഹവും, തത്കാൽ വഴി എടുക്കുന്നതിന് 1080 ദിർഹവുമാണ് പുതിയ നിരക്ക്. പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുകയാണെങ്കിൽ 36 പേജുള്ള പാസ്പോർട്ടിന് 900 ദിർഹവും 60 പേജുള്ള പാസ്പോർട്ടിന് 1080 ദിർഹവും പുതുതായി എടുക്കാൻ നൽകണം. ഇത് തത്കാൽ വഴി എടുക്കുകയാണെങ്കിൽ 36 പേജുള്ള പാസ്പോർട്ടിന് 1350 ദിർഹവും 60 പേജുള്ള പാസ്പോർട്ടിന് 1530 ദിർഹവുമായിരിക്കും 18 വയസിന് താഴെയുള്ളവരുടെ പാസ്പോർട്ട് പുതുക്കുന്നതിനും വർധനവ് ഉണ്ടായിട്ടുണ്ട്. 36 പേജുകളുള്ള പാസ്പോർട്ട് പുതുക്കുന്നതിന് 190 ദിർഹമായിരുന്നു. എന്നാൽ പുതിയ നിരക്ക് 325 ദിർഹമാണ്. ഇത് തത്കാൽ വഴി എടുക്കുന്നതിന് 775 ദിർഹവുമാണ് വരുന്നത്. ഇതുപോലെ പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്താൽ സാധാരണ 775 ദിർഹമായിരുന്നിടത്ത് 1225 ദിർഹമായി ഉയർന്നിട്ടുണ്ട് അപേക്ഷാഫീസ്.

അതേസമയം എട്ട് വയസോ അതിന് താഴെയോ പ്രായമുള്ള കുട്ടികളുടെ പാസ്പോർട്ടിന് അപേക്ഷിക്കുന്നതിന് 10 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. പാസ്പോർട്ടിനായി അപേക്ഷിക്കുന്നതിന് 295 ദിർഹവും തത്കാലായി പാസ്പോർട്ട് എടുക്കുന്നതിന് 700 ദിർഹവുമാണ് വരിക. എന്നാൽ പാസ്പോർട്ട് പുതുക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.മുതിർന്നവരുടെ പാസ്പോർട്ടിന് 10 വർഷവും കുട്ടികളുടെ പാസ്പോർട്ടിന് 5 വർഷവുമാണ് കാലാവധി.
മറ്റ് അനുബന്ധ സേവനങ്ങളായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് റദ്ദാക്കൽ സർട്ടിഫിക്കറ്റ് എന്നിങ്ങനെയുള്ള സേവനങ്ങൾക്കും നിരക്ക് ഉയർത്തിയിട്ടുണ്ട്. 95 ദിർഹത്തിൽ നിന്നും 145 ദിർഹമായാണ് ഇത് ഉയർന്നിട്ടുള്ളത്. അടിയന്തര യാത്രാ രേഖകൾക്ക് 60 ദിർഹവും തിരിച്ചറിയൽ സർട്ടിഫിക്കറ്റുകൾക്ക് 180 ദിർഹവുമാണ് ചാർജ്. ഈ രണ്ട് സേവനങ്ങൾക്കും തത്കാൽ സേവനങ്ങൾ ലഭ്യമല്ല. ഈ നിരക്കുകൾക്ക് പുറമെ സർവ്വീസ് ചാർജുകളും പ്രവാസി ക്ഷേമ നിധിയും വെവ്വേറെ നൽകേണ്ടി വരും. യുഎഇയിലെ കോൺസുലർ സേവനങ്ങളുടെ ചുമതല പുതിയ ഏജൻസിയായ അൽഹിന്ദ് ടൂർ ആൻഡ് ട്രാവൽസ് ഏറ്റെടുക്കുന്നതിനോടൊപ്പം ഈ നിരക്കുകളിലെ വർദ്ധനവും പ്രാബല്യത്തിൽ വരും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top