ദുരൂഹത ഒഴിയുന്നു; കണ്ണൂരിൽ പള്ളിക്കല്ലറയിൽ മൂന്നാം മൃതദേഹമില്ലെന്ന് കണ്ടെത്തൽ

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പളളിയിലെ കല്ലറയിൽ ദുരൂഹതയില്ല.
കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ മാത്രമേയുള്ളൂവെന്ന് കണ്ടെത്തി. പ്രാഥമിക പരിശോധനയിൽ രണ്ട് മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. സംശയാസ്‌പദമായി കണ്ട പായ മൃതദേഹത്തിന് അടിയിൽ വച്ചതെന്നാണ് പൊലീസ് പറയുന്നത്. കല്ലറയിൽ മൂന്ന് മൃതദേഹം ഉണ്ടെന്നതായിരുന്നു പള്ളിയുടെ പരാതി. മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതുവരെ കിട്ടിയ തെളിവുകൾ അനുസരിച്ച് അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
സെമിത്തേരിയിൽ ഒരു മൃതദേഹം സംസ്‌കരിക്കാനായി കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ ഒരു വസ്‌തു കണ്ടെത്തുകയായിരുന്നു. മൃതദേഹമാണ് സംശയം ഉയർന്നതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കല്ലറയിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികളും രംഗത്തെത്തിയിരുന്നു.
ക്രിസ്ത്യൻ ആചാര പ്രകാരം ഒരു മൃതദേഹത്തിന് മേൽ മറ്റൊരു മൃതദേഹം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും സംഭവം അറിഞ്ഞവർ പുറത്ത് പറഞ്ഞില്ലെന്നും പ്രദേശവാസികൾ ആരോപിച്ചിരുന്നു. എന്നാൽ പളളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് നേരത്തെ വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കിയിരുന്നു.നിയമപരമായി മുന്നോട്ടുപോകണമെന്നാണ് പള്ളിയുടെ നിലപാട്. 2006-ലും 2015-ലും ഈ കല്ലറയിൽ മൃതദേഹം സംസ്‌കരിച്ചിട്ടുണ്ടെന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2015-ൽ ദുരൂഹ കല്ലറയിൽ അടക്കിയ ജെയിംസിന്റെ ഭാര്യ സെമിത്തേരിയിൽ എത്തി. 38-ാം നമ്പർ കല്ലറയിലാണ് ജെയിംസിനെ അടക്കിയതെന്ന് കുടുംബം അറിയിച്ചിരുന്നു. ദുരൂഹത ഉയർത്തിയ കല്ലറ തന്നെയാണ് ജെയിംസിന്റെ ഭാര്യ തൊട്ടുകാണിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപണങ്ങളും പരാതികളും ഉയർന്നതോടെയാണ് കല്ലറ തുറന്നുപരിശോധിക്കാൻ തീരുമാനമായത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top