കാലവർഷം വീണ്ടും ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകൾക്കാണ് മുന്നറിയിപ്പ്. ഉയർന്ന കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. മധ്യകേരളത്തിലും വടക്കൻ മലബാർ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.
ജൂൺ 21ന് വീണ്ടും മഴ വീണ്ടും ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ അന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതോടെയാണ് മഴ ശക്തമാകുന്നത്. മണിക്കൂറിൽ 30 മുതൽ 40കിലോമീറ്റർ വേഗതയുള്ള കാറ്റിന് ഇന്ന് സാധ്യതയുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പുലർത്തണം.
മലയോരപ്രദേശങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ ജില്ലാ കളക്ടർമാരുടെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. അതേസമയം തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ നാല് ഷട്ടറുകൾ പത്ത് സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇതോടെ ആകെ 40 സെന്റീമീറ്ററായാണ് ഷട്ടർ ഉയർത്തിയിരിക്കുന്നത്. അതിനാൽ ഡാമിന്റെ വൃഷ്ടി പ്രദേശത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top