തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി വീണ ടി.
ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് വീണ സാവകാശം തേടിയത്. ബുധനാഴ്ച രാവിലെയായിരുന്നു വീണയുടെ ഇ മെയിൽ ഇ ഡിക്ക് ലഭിച്ചത്. മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ മുഖേന സമർപ്പിക്കാമെന്നും വീണ കത്തിൽ പറഞ്ഞിരുന്നു. ഇ ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും.
അനാരോഗ്യം ചൂണ്ടിക്കാട്ടി അവധി തേടിയാൽ മെഡിക്കൽ രേഖകൾ അടക്കം സമർപ്പിക്കുന്ന പക്ഷം പരിഗണിക്കുന്നതാണ് ഇ ഡിയുടെ രീതി. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പ് അൻപത് പ്രകാരം കക്ഷി നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ. ഒരു ദിവസം അവധി നൽകിയാലും പിന്നീട് ഹാജരാകേണ്ടി വരും. ഈ വകുപ്പ് പ്രകാരം സമൻസ് നൽകിയാൽ ഇ ഡി ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കേണ്ടി വരും. ഒരു സിവിൽ കോടതി നൽകുന്ന സമൻസിന് തുല്യമാണിത്. വെള്ളിയാഴ്ച അവധി നൽകിയാലും വീണ മറ്റൊരു ദിവസം ഇ ഡിക്ക് മുന്നിൽ ഹാജരാകണം. വീണയെ ചോദ്യം ചെയ്യാൻ ഇ ഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിരുന്നു. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത തേടാനായിരുന്നു ഇ ഡി തീരുമാനം. സിഎംആർഎൽ ഉദ്യോഗസ്ഥർ മുൻപ് നൽകിയ മൊഴികൾ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാൻ ഇ ഡി തീരുമാനിച്ചിരുന്നു.


