ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചു, ഫയലുകൾ തിരുത്തി: എസ്ഐടി കണ്ടെത്തൽ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ മർദ്ദിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചുവെന്ന് എസ്പെഐടിയുടെ കണ്ടെത്തൽ. കേസ് ഡയറി തിരുത്താൻ എം ആർ അജിത് കുമാർ നിർദ്ദേശം നൽകിയെന്നും റിപ്പോർട്ട് തിരുത്താൻ ആലപ്പുഴ ഡിവൈഎസ്‌പി സുനിൽ രാജിനെ എഡിജിപിയുടെ ഓഫീസിലേക്ക് മൂന്ന് തവണ രഹസ്യമായി വിളിച്ചുവരുത്തിയെന്നുമാണ് എസ്ഐടിയുടെ റിപ്പോർട്ട്. എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ ലഭിച്ചു.
പേരൂർക്കടയിലെ എഡിജിപി ഓഫീസിലേക്ക് ഡിവൈഎസ്‌പി സുനിൽ രാജിനെ വിളിച്ച വരുത്തി മർദ്ദന ദൃശ്യങ്ങൾ ഇല്ലായെന്ന് മാറ്റി എഴുതാൻ പറഞ്ഞുവെന്നും സാക്ഷികളും മർദ്ദന ദൃശ്യങ്ങളും ഇല്ലാത്ത കൃത്യനിർവഹണത്തിന്റെ ഭാഗമായി നടത്തിയ രക്ഷാ പ്രവർത്തനം മാത്രമാണെന്ന് എം ആർ അജിത് കുമാർ റിപ്പോർട്ട് തിരുത്തിയെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. 2024 ഓഗസ്റ്റിലാണ് റിപ്പോർട്ട് തിരുത്തിയത്. അട്ടിമറിയുടെ തെളിവുകൾ സഹിതം പുതിയ അന്വേഷണ റിപ്പോർട്ട് എസ്ഐടി ആഭ്യന്തര വകുപ്പിന് ഔദ്യോഗികമായി സമർപ്പിക്കും.മുൻ ആലപ്പുഴ എസ്‌പി നൽകിയ റിപ്പോർട്ടും അന്നത്തെ ആഭ്യന്തര വകുപ്പ് പൂഴ്ത്തിവെച്ചതായി പുതിയ അന്വേഷണത്തിൽ കണ്ടെത്തിരുന്നു. ഗൺമാന്മാരുടെ ആക്രമണം ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെ ഭാഗമല്ലയെന്നും ക്രിമിനൽ നടപടിയാണെന്നും പ്രവൃത്തി അവമതിപ്പുണ്ടാക്കിയെന്നുമുള്ള മുൻ എസ്പി ചൈത്ര തെരേസ ജോണിൻ്റെ റിപ്പോർട്ടാണ് എൽഡിഎഫ് സർക്കാർ പൂഴ്ത്തിയത്.
സംഭവത്തിൽ പുനരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയത്. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പുനരന്വേഷണത്തിന് തീരുമാനമായത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചത് കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു.2023 ഡിസംബറിലുണ്ടായ സംഭവത്തെ രക്ഷാപ്രവർത്തനമെന്നാണ് പിണറായി വിജയൻ വിശേഷിപ്പിച്ചത്. പിന്നീട് കോടതിയുടെ നിർദേശപ്രകാരം അന്വേഷണം തുടങ്ങിയെങ്കിലും കൃത്യനിർവഹണം മാത്രമാണുണ്ടായതെന്ന വിചിത്ര റിപ്പോർട്ടാണ് പൊലീസ് സമർപ്പിച്ചത്. എന്നാൽ, മാധ്യമങ്ങളിലടക്കം വന്ന ദൃശ്യങ്ങൾ കണ്ട കോടതി, ഗൺമാൻ അനിൽ കുമാറിനും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എസിനുമെതിരെ പുനരന്വേഷണത്തിന് നിർദേശിച്ചു. പക്ഷേ, ഒന്നര വർഷം കഴിഞ്ഞിട്ടും എൽഡിഎഫ് സർക്കാർ അതിന് തയ്യാറായില്ല. ഇതോടെയാണ് യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ആദ്യ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിൽത്തന്നെ എസ്ഐടി രൂപീകരിച്ച് പുനരന്വേഷണം നടത്താൻ തീരുമാനിച്ചത്.ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്‌പി ഷൗക്കത്തലി മേൽനോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസാണ്. ഏഴംഗ സംഘം ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ഇതിനിടയിൽ 15 ദിവസമാകുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. കേരളത്തിലെ യുവജനങ്ങളുടെ ആത്മാഭിമാനം ഉയർത്തിയ നടപടിയെന്നാണ് മർദ്ദനത്തിനിരയായ നിയുക്ത ആലപ്പുഴ എംഎൽഎ എ ഡി തോമസ് പ്രതികരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top