കോഴിക്കോട്: ഓൺലൈൻ വിതരണ ആപ്പുകളിൽ പ്രഭാതഭക്ഷണവും ഊണ്, ബിരിയാണി തുടങ്ങിയ ഉച്ചഭക്ഷണ വിഭവങ്ങളും ലഭ്യമാകാതെ പോയതോടെ ഹോട്ടൽ സമരത്തിൽ വലഞ്ഞ് ജനം. വാണിജ്യ എൽപിജി സിലിണ്ടറിന് വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ ഹോട്ടലുകളും റസ്‌റ്ററൻ്റുകളും ബേക്കറികളും ബുധനാഴ്‌ച അടച്ചിട്ട് സമരം നടത്തിയത്. ദീർഘദൂര യാത്രക്കാരെയാണ് സമരം ഏറെ വലച്ചത്.കെഎസ്ആർടിസി സ്‌റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വന്നിറങ്ങിയവർ സമരത്തിൽ വലഞ്ഞു. റെയിൽവേ സ്‌റ്റേഷനുകളിലെ ഭക്ഷണവിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചെങ്കിലും സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട് സ്‌റ്റേഷനിലെ കന്റീൻ പ്രവർത്തനം നിർത്തിവച്ചതിനാൽ ചെറുകടികളും ബിസ്‌കറ്റും മറ്റുമാണ് മറ്റ് ഭക്ഷണശാലകളിൽ നിന്ന് യാത്രക്കാർക്ക് ലഭിച്ചത്. കോഴിക്കോട് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ഹോട്ടലുകൾ ഏതാണ്ടു പൂർണമായും അടച്ചിടൽ സമരത്തിൽ പങ്കാളികളായി. ആശുപത്രികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും കന്റീനുകളെയാണ് ഹോട്ടൽ സമരത്തിനിടെ ജനം കൂടുതലായി ആശ്രയിച്ചത്.പ്രവേശനപരീക്ഷകൾ, പിഎസ്‌സി തുടങ്ങിയവയുടെ പരിശീലനത്തിനായി നഗരത്തിലെ വിവിധ ഇടങ്ങളിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികളെയാണ് ഹോട്ടൽ സമരം കാരണം ഓൺലൈൻ ഫുഡ് ആപ്പിലും മറ്റും ഭക്ഷണത്തിന്റെ വിവിധ ഓപ്ഷനുകൾ തടസപ്പെട്ടത് വലച്ചത്. അതേസമയം പീത തുടങ്ങിയ ഭക്ഷണവിഭവങ്ങൾ വിളമ്പുന്ന രാജ്യാന്തര ഫൂഡ് ഡെലിവറി യൂണിറ്റുകളിലെ ഭക്ഷണങ്ങൾ ഓൺലൈൻ ആപ്പുകളിൽ ലഭ്യമായി.ഹോട്ടൽ ആൻഡ് റസ്‌റ്ററൻ്റ്സ് അസോസിയേഷൻ, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്‌റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ തുടങ്ങിയ പ്രമുഖ സംഘടനകളാണ് 24 മണിക്കൂർ നീളുന്ന സമരത്തിൽ പങ്കെടുത്തത്. ജില്ലാതലങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലേക്ക് സംഘടനകളുടെ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. കോഴിക്കോട്ട് ഇൻകം ടാക്സ് ഓഫിസിന് മുന്നിലേക്കാണ് ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചത്.19 കിലോ വാണിജ്യ സിലിണ്ടറിന് 993 രൂപ ഒറ്റയടിക്ക് കൂട്ടിയത് ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും വാണിജ്യ സിലിണ്ടർ ക്ഷാമം മൂലം പിന്നിട്ട മാസങ്ങളിൽ ദുരിതമനുഭവിച്ച ഹോട്ടൽ വ്യവസായം തകരാൻ ഈ വിലവർധന ഇടയാക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഊണും ബിരിയാണിയുമില്ല, കിട്ടിയത് ചെറുകടികൾ മാത്രം; ഹോട്ടൽ സമരത്തിൽ വലഞ്ഞ് ജനങ്ങൾ


