എടച്ചാക്കെയിൽ ശൈശവ വിവാഹം നടന്നതായി സ്ഥിരീകരിച്ചു; ചന്തേര പൊലീസ് കേസെടുത്തു

കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ എടച്ചാക്കെ അഴീക്കൽ ജുമാമസ്‌ജിദിൽ ശൈശവ വിവാഹം നടന്നതായി സ്ഥിരീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ചന്തേര പൊലീസ് കേസെടുത്തു. ശൈശവ വിവാഹം സംബന്ധിച്ച് ശൈശവ വിവാഹ നിരോധന ഓഫീസർ കഴിഞ്ഞ ദിവസം ഹൊസ്‌ദുർഗ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കാനത്ത് നടത്തിയെന്നായിരുന്നു ആക്ഷേപം. ബന്ധുക്കളുടെയും കമ്മറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു കാനത്ത്. ഇതു സംബന്ധിച്ച് ചൈൽഡ് ലൈനിൽ ആണ് പരാതി ലഭിച്ചത്. തുടർന്നാണ് ശിശു ക്ഷേമ വകുപ്പിനു കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാത്തതിനാൽ പെൺകുട്ടി താമസിക്കുന്ന മഹല്ലിലെ കമ്മിറ്റി വിവാഹം നടത്തിക്കൊടുക്കാൻ തയ്യാറായിരുന്നില്ലെന്നു പറയുന്നു. ഇക്കാരണത്താലാണ് വിവാഹം വരന്റെ നാട്ടിൽ വച്ച് നടത്തിയതത്രെ. ഏപ്രിൽ 13ന് ആയിരുന്നു വിവാഹം. സംഭവത്തിൽ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പൊലീസ് ക്രിമിനൽ കേസെടുത്തതോടെ വിശദമായ അന്വേഷണം ഉണ്ടാകും. എന്നാൽ വിവാഹം നടത്തിയെന്നതിനു ഇതുവരെ തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സൂചനയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top